
മൂവാറ്റുപുഴ: ഫയലനക്കം വേഗത്തിലാക്കി. ജനസേവനം കാര്യക്ഷമവും. പരാതിക്ക് ഇടവാരാതെ ഉദ്യോഗസ്ഥർ തങ്ങളുടെ ജോലി കൃത്യമായി ചെയ്തപ്പോൾ, ജില്ലയിൽ പഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്രമായി പാലിച്ചതിന് നൽകുന്ന ഒന്നാം സ്ഥാനം പായിപ്ര പഞ്ചായത്ത് കൈപ്പിടിയിലൊതുക്കി. രണ്ടാം സ്ഥാനം പള്ളിപ്പുറം പഞ്ചായത്തിനാണ്. മാറാടി പഞ്ചായത്താണ് മൂന്നാമത്. ഏറ്റവും കൂടുതൽ ജനസംഖ്യയുടെ വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പായിപ്ര.
ലഭിച്ച ഫയലുകൾ സമയബന്ധിതമായും പരിശോധിച്ച് ഇതിന്റെ നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് ഉറപ്പാക്കിയതിനൊപ്പം ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി സേവനങ്ങൾ നൽകുകയും ചെയ്തിരുന്നു.
സിറ്റിസൺ സർവീസ് പോർട്ടൽ വഴി ലഭിച്ച അപേക്ഷകളും വേഗത്തിൽ തീർപ്പാക്കി. ഈ രീതി പിന്തുടർന്നതാണ് പായിപ്ര പഞ്ചായത്തിന് നേട്ടം കൈയ്യെത്തിപ്പിടിക്കാനായത്. 2000 - ൽ അധികം ഫയലുകൾ കൈകാര്യം ചെയ്ത പഞ്ചായത്തുകൾക്ക് അവരുടെ സ്റ്റാഫ് പാറ്റേണിനെ അടിസ്ഥാനപ്പെടുത്തി ഗ്രേസ് മാർക്കും നൽകിയിട്ടുണ്ട് . എൻ .അനിൽ കുമാറാണ് പഞ്ചായത്ത് സെക്രട്ടറി.
കൂട്ടുത്തരവാദിത്വവും പരസ്പര വിശ്വാസവും നിരന്തര ഇടപെടലുകളും വഴിയാണ് പായിപ്ര ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് വന്നത്
മാത്യൂസ് വർക്കി
പ്രസിഡന്റ്
പായിപ്ര പഞ്ചായത്ത്