mudavoor

മൂവാറ്റുപുഴ: പത്തുവർഷം മുമ്പ് ആരംഭിച്ച മുടവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി എന്നേക്കുമായി നിന്നു. ജില്ലാ പഞ്ചായത്തിന് ഫണ്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതെന്നാണ് അറിയുന്നത്. ലക്ഷങ്ങൾ ഇതുവരെയുള്ള നിർമ്മാണങ്ങൾക്കായി ചെലവഴിച്ചത്. പായിപ്ര ഗ്രാമ പഞ്ചായത്തിലെ മുടവൂർ മേഖലയിലുള്ള 15, 16, 19 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിതുടങ്ങിയത്. കാർ‌ഷിക മേഖലയായ ഇവിടെ കടുത്ത ജലക്ഷാമമാണ്. മഴയില്ലെങ്കിൽ കൃഷിയെല്ലാം ഉണങ്ങിപ്പോക്കുന്ന സ്ഥിതിയാണ്. നെല്ല്, ജാതി, കപ്പ, ചേന, കൊക്കോ, പച്ചക്കറികൾ, വാഴ തുടങ്ങിയാണ് പ്രധാന കൃഷികൾ. കടുത്ത വേനനൽ കുടിവെള്ളം പോലും കിട്ടില്ല. ഇതെല്ലാം കണക്കിലെടുത്തായിരുന്നു ജില്ലാ പഞ്ചായത്ത് മുടവൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി പൂർത്തിയാക്കാൻ ജനപ്രതിനിധികൾ ശക്തമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

•പദ്ധതി

മുടവൂർ പാടശേഖരത്ത് കിണർ നിർമ്മിച്ച് പൈപ്പ് വഴി വെള്ളം എത്തിച്ച് അംബേദ്കർ കവലയിൽ ടാങ്ക് നിർമ്മിച്ച്സംഭരിച്ച ശേഷം വിവിധ പ്രദേശങ്ങളിൽ പൈപ്പ് വഴി ജലം എത്തിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി മുടവൂർ പാടശേഖരത്ത് കിണർ നിർമ്മിച്ചു. പമ്പ് ഹൗസിന്റെ നിർമ്മാണവും ഭാഗീകമായി പൂർത്തിയാക്കി. എന്നാൽ മോട്ടോർപമ്പ് സെറ്റ് സ്ഥാപിക്കുകയോ വൈദ്യുതി കണക്ഷൻ എടുക്കുകയോ ചെയ്തിട്ടില്ല. ജലസംഭരണിയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.

എങ്ങുമെത്തിയില്ല

കിണറിൽ നിന്ന് പമ്പുചെയ്യുന്ന വെള്ളം സംഭരണിയിൽ എത്തിക്കാനുള്ള പ്രധാന പൈപ്പുകൾ ഭാഗികമായേ സ്ഥാപിച്ചിട്ടുള്ളൂ. വെളിയത്ത് പീടിക മുതൽ അഗ്രികൾച്ചറൽ ബാങ്ക് വരെയാണിത്. തോട് മുതൽ റേഷൻ കട വരെ മെയിൽ ലൈൻ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. ഒരു കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഒരുതരത്തിലുള്ള പൈപ്പുകൾ ഇനിയും ഇട്ടിട്ടില്ല. വെളിയത്ത് കവല മുതൽ സംഭരണി സ്ഥിതിചെയ്യുന്ന ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന പ്രദേശത്ത് പൈപ്പ് സ്ഥാപിക്കാനുമുണ്ട്.