
കുമ്പളങ്ങി: ക്രിക്കറ്റ് പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കുമ്പളങ്ങി നോർത്ത് സെന്റ് ജോസഫ് പള്ളിക്ക് സമീപം 15 സെന്റ് സ്ഥലത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പിച്ച് ഒരുങ്ങുന്നു. ദ ഗ്രേറ്റ് ക്രിക്കറ്റ് ക്ളബ് എന്ന സംഘടനയാണ് പരിശീലന സൗകര്യമൊരുക്കുന്നത്. പഞ്ചായത്തിൽ ഒരു കായിക പരിശീലന കേന്ദ്രം ഒരുങ്ങുന്നതും ഇതാദ്യം.
കണ്ടത്തി പറമ്പ്- ഇല്ലിക്കൽ ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലെ സ്ഥലത്താണ് നെറ്റ് പ്രാക്ടീസിനുള്ള പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. സൗജന്യമായിട്ടാണ് ക്ഷേത്രം ഭാരവാഹികൾ സ്ഥലം വിട്ടുനൽകിയത്. കാടുപിടിച്ച് കിടന്ന ചതുപ്പ് സ്ഥലം പിച്ച് ആക്കി മാറ്റി നെറ്റ് കെട്ടി ലൈറ്റുകൾ സ്ഥാപിക്കും. ചതുപ്പിൽ പൂഴി അടിച്ച് പിച്ചിന്റെ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി സൈഡ് ഫില്ലിംഗ് നടത്തി ലൈറ്റുകൾ സ്ഥാപിക്കണം.12 ലോഡ് കൽപ്പൊടിയാണ് ചതുപ്പ് നികത്താൻ വേണ്ടിവന്നത്.
ആദ്യ ഘട്ടത്തിൽ ക്ഷേത്രം ഭരണസമിതികളുമായി പതിനൊന്നു മാസത്തെ കരാറാണ് ഒപ്പിട്ടിട്ടുള്ളത്.
വർഷാവർഷം കരാർ പുതുക്കണം. പഞ്ചായത്തിലെ കായിക പ്രേമികൾക്ക് കൂടാതെ പുറത്ത് നിന്ന് വരുന്നവർക്കും പ്രായഭേദമന്യേ ഇവിടെ പരിശീലനം നടത്താം.
രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 6 മുതൽ 10 വരെയുമാണ് സമയം.14 പേരടങ്ങുന്ന ബാച്ചായിട്ടായിരിക്കും പരിശീലനം.
പിച്ചിന്റെ ജോലികൾ പൂർണമാക്കാൻ മൂന്ന് ലക്ഷം രൂപ ചെലവ് വരുമെന്ന് ദ ഗ്രേറ്റ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ജെസ്റ്റിൻ ആലുങ്കൽ പറഞ്ഞു. കായിക പ്രേമികളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് തുക കണ്ടെത്തുന്നത്. ഈ മാസം അവസാനത്തോടെ ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിന്റെ ജോലികളും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.