
കൂത്താട്ടുകുളം: നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ, നിരോധിത ക്യാരി ബാഗുകൾ എന്നിവ പിടിച്ചെടുത്തു. പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ പഴകിയ ബീഫ്, ചിക്കൻ, പഴകിയ മീൻ, ചോറ്, തോരൻ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. മൂന്ന് ഹോട്ടലുകൾ അടച്ചുപൂട്ടാൻ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചു. ന്യൂനത പരിഹരിക്കുന്നതിനായി നോട്ടീസ് നൽകി. നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പുഷ്പകുമാർ. കെ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിനിൽ. എസ്. കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.