കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ എൽഡേർലി ബ്ലോക്കിന്റെ (വയോജന ബ്ലോക്ക്) നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ആകെ 45 ബെഡ്ഡുകൾ ഉണ്ടാകും,ഓരോ നിലയിലും 15വീതം. നഴ്‌സസ് റൂം, വെയിറ്റിംഗ് റൂം, ഓക്‌സിജൻ സൗകര്യങ്ങൾ, ലിഫ്റ്റ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ എന്നീ സൗകര്യങ്ങളോടെയാകും കെട്ടിടം പ്രവർത്തനം തുടങ്ങുക. വയോധികർക്ക് എളുപ്പത്തിൽ കൂടുതൽ പരിചരണം ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കെട്ടിട നിർമ്മാണം.
എം.എൽ.എയായിരുന്ന കാലത്ത് ഹൈബി ഈഡൻ എം.പിയാണ് വയോജന ബ്ലോക്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 1.98 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. കഴിഞ്ഞ ദിവസം എം.പി ആർ.എം.ഒ ഷാബ് ഷെരീഫിനൊപ്പമെത്തി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. റെയിൽവേ സ്റ്റേഷനുകളിലും മറ്റുമായി എത്തിപ്പെടുന്നവരും ആശ്രയത്തിന് ആരുമില്ലാത്തവരും ഉപേക്ഷിക്കപെട്ടവരുമായ വൃദ്ധർക്ക് ചികിത്സ ഒരുക്കുന്നതിനാണ് എൽഡേർലി ബ്ലോക്ക്.
പഴയ ഐസൊലേഷൻ ബ്ലോക്ക്
വൃദ്ധരെയും തെരുവിൽ കഴിയുന്നവരെയും പാർപ്പിക്കുന്ന കെട്ടിടം ജീർണാവസ്ഥയിലായിരുന്നതിനെത്തുടർന്ന് 2019 അവസാനമാണ് പൊളിച്ചത്. സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ളവ കെട്ടിട നിർമ്മാണത്തിനായി പൊളിച്ചു. കൊവിഡ് മൂലം പൊളിക്കലും നിർമ്മാണവും വൈകിയതു മാത്രമായിരുന്നു വെല്ലുവിളി.
ഫെബ്രുവരിയിൽ ആരംഭിച്ച കെട്ടിട നിർമ്മാണം പൂർത്തീകരിക്കാൻ ഏഴ് മാസം കൂടി സമയമുണ്ട്. എന്നാൽ അഞ്ച് മാസത്തിനുള്ളിൽ പണി തീരുമെന്നാണ് കരാറുകാർ അവകാശപ്പെടുന്നത്.
ഒരുപാട് പേർക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണ്. നിർമ്മാണ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്.
ഹൈബി ഈഡൻ എം.പി
നിർമ്മാണം അഞ്ചുമാസത്തതിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരാറുകാർ അറിയിച്ചിട്ടുള്ളത്.
ഡോ. ഷാബ് ഷേരീഫ്
ആർ.എം.ഒ എറണാകുളം ജനറൽ ആശുപത്രി