കൊച്ചി: വൈപ്പിനിൽ നിന്നുള്ള ബസ് യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടാൻ തുടങ്ങിയിട്ട് 18 വർഷം പിന്നിട്ടു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിനായി കെട്ടടങ്ങാത്ത സമരങ്ങളും പ്രക്ഷോഭങ്ങളും ഇന്നും തുടരുമ്പോൾ അധികൃതരുടെ കണ്ണുമാത്രം തുറക്കുന്നില്ല. ജോലി ചെയ്യുന്ന പണം ബസുകൾ കയറിയിറങ്ങി ചെലവായി പോകുന്ന വിഷമത്തോടെ ഹൈക്കോർട്ട് ജംഗ്ഷനിൽ അവസാനിക്കുകയാണ് ഇന്നും വൈപ്പിൻകാരുടെ സ്വപ്നം.

കളക്ടറുടെ ഉറപ്പ്

ഗോശ്രീ ബസുകളുടെ നഗര പ്രവേശനം സംബന്ധിച്ച് കളക്ടർക്കും ആർ.ടി.ഒയ്ക്കും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി നിവേദനം നൽകിയിരുന്നു. വൈപ്പിൻ ജനത ഒപ്പിട്ട ഭീമഹർജി കഴിഞ്ഞ മാസം സെക്രട്ടറിയേറ്റിൽ ചെന്ന് മുഖ്യമന്ത്രിക്കും ഗാതാഗത വകുപ്പ് മന്ത്രിക്കും നൽകിയപ്പോൾ അനുകൂല പ്രതികരണം ലഭിച്ചു. നാറ്റ്പാക് റിപ്പോർട്ട് പരിശോധിച്ച് എറണാകുളം ആർ.ടി.എയ്ക്ക് അയക്കാമെന്നും സിറ്റിയിൽ ബസുകളുടെ സമയക്രമം അവർ തയ്യാറാക്കുമെന്നും അറിയിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിയമസഭയിൽ വിഷയം സബ്മിഷനിലൂടെ അവതരിപ്പിക്കുകയും ചെയ്തു.

രാഷ്ട്രീയക്കാർ ഇടപെടണം

ബസുകളുടെ നഗര പ്രവേശനവുമായി ബന്ധപ്പെട്ട ജനകീയ സമരത്തിൽ രാഷ്ട്രീയ പാർട്ടികളും മുൻനിരയിൽ വരണം. ഗോശ്രീ പാലങ്ങൾ ഗതാഗതത്തിന് തുറന്ന 2004 ജൂൺ അഞ്ച് മുതൽ പതിനെട്ടു വർഷമായി സ്വകാര്യ ബസുകളെ എറണാകുളം നഗരത്തിലേക്ക് കടത്തിവിടണം എന്ന ആവശ്യം ഉന്നയിച്ച് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി സമര രംഗത്ത് തുടരുകയാണ്. ശേഷം വൈപ്പിനിലെ റെസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകളും ഈ വിഷയത്തിൽ സമര പാതയിൽ വന്നു. എന്നാൽ ഭരണ,​ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷസമരത്തിൽ പങ്കുചേരാൻ മുന്നോട്ടുവന്നിട്ടില്ല. എത്രയും വേഗം അവരും ഈ ജനകീയ സമരത്തിൽ പങ്കുചേരണമെന്നാണ് സമരസമിതിയുടെ ആവശ്യം.

എം.എൽ.എ അടക്കം വൈപ്പിനിലെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും വിവിധ സംഘടനകളും ഒന്നിച്ച് അണിനിരന്നാൽ വലിയ സ്വപ്നം യാഥാർത്ഥ്യമാകും. ജില്ലാ കളക്ടർ ദ്രുതഗതിയിൽ പ്രവർത്തനം നടത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

പോൾ ജെ. മാമ്പിള്ളി

ചെയർമാൻ

ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി

വൈപ്പി​നി​ലെത്തുന്നത് 165 ബസുകൾ

ശരാശരി​ ദി​നയാത്രക്കാർ 30,000