കോലഞ്ചേരി: വടവുകോട് ബ്ളോക്കിലെ പട്ടിമറ്റം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പിൽ യുവതുർക്കികളെ ഗോദയിലിറക്കി ബല പരീക്ഷണത്തിനൊരുങ്ങി മുന്നണികൾ. ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും ട്വന്റി 20 യും തന്ത്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന, യു.‌ഡി.എഫ് അംഗം വി.ആർ. അശോകന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 13 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തിൽ ട്വന്റി20 -5, യു.ഡി.എഫ്-4, എൽ.ഡി.എഫ് -3 എന്നിങ്ങനെയാണ് കക്ഷിനില.

•കുന്നത്തുനാട് പഞ്ചായത്തിലെ 6,7,8,9 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ 16,18,19 വാർഡുകളും ഉൾപ്പെട്ടതാണ് ഡിവിഷൻ.

• യു.ഡി.എഫിന് ജീവന്മരണ പോരാട്ടം

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഒന്നിലും യു.ഡി.എഫിന് ഭൂരിപക്ഷമില്ല. ആകെയുള്ള ഒരു ബ്ളോക്കായിരുന്നു വടവുകോട്. മറ്റിടങ്ങളിൽ ട്വന്റി20യും എൽ.ഡി.എഫിനുമാണ് ഭരണം. അശോകന്റെ നിര്യാണത്തോടെ വടവുകോട് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം ട്വന്റി20 പിടിച്ചെടുത്തിരുന്നു. പട്ടിമറ്റം ഡിവിഷൻ നിലനിർത്തിയാൽ വീണ്ടും ബ്ലോക്ക് ഭരണം യു.ഡി.എഫിന് ലഭിക്കും. പരിചയ സമ്പന്നരായ നിരവധി പ്രമുഖർ യു.ഡി.എഫ് സീ​റ്റിനായി രംഗത്തുണ്ട്.

• സീറ്റ് ആറാക്കാൻ ട്വിന്റ20

ബ്ളോക്കിൽ അഞ്ച് സീ​റ്റുള്ള ട്വന്റി 20, ഇത് ആറാക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ച് സീ​റ്റുണ്ടായിട്ടും സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ സ്ഥാനം പോലും ലഭിക്കാതെ വന്ന ട്വന്റി20ക്ക് വിജയിച്ചാൽ അതുറപ്പിക്കാം. അങ്ങിനെയെങ്കിൽ ഭരണസഖ്യത്തിൽ നിന്ന് എൽ.ഡി.എഫ് വിട്ടു നിന്നേക്കും. ഇരു മുന്നണികളേയും വെട്ടാനുള്ള തന്ത്രങ്ങളുമാണ് ട്വന്റി 20 മെനയുന്നത്. ആം ആദ്മി സഖ്യം വന്നതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

• പിടിച്ചെടുക്കാൻ എൽ.ഡി.എഫ്

കുന്നത്തുനാട് ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20 യിൽ നിന്നും സീ​റ്റ് പിടിച്ചെടുക്കാൻ നടത്തിയ തന്ത്രം തന്നെയാകും ഇവിടെയും എൽ.ഡി.എഫ് പരീക്ഷിക്കുക. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖരെ രംഗത്തിറക്കിയാകും പോരാട്ടം. യുവ തലമുറയിലെ നിക്ഷ്പക്ഷരേയും പരിഗണിക്കുന്നുണ്ട്. യു.ഡി.എഫ് സീ​റ്റ് നിലനിർത്തിയാൽ പോലും തുടർന്ന് എൽ.ഡി.എഫ് പിന്തുണ നൽകുമെന്നതിന് ഉറപ്പില്ല. എൽ.ഡി.എഫ് സീ​റ്റ് പിടിച്ചെടുത്താൽ രണ്ട് മുന്നണികളും തുല്യ നിലയിലെത്തും. അത്തരമൊരു സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് ആവശ്യപ്പെട്ടേക്കാം.