കോലഞ്ചേരി: ജില്ല, ഉപജില്ല കലാകായിക മേളകൾക്കായി വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധിത പണപ്പിരിവിനെതിരെ കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രതിഷേധം രേഖപ്പെടുത്തി. 9, 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾ 50 രൂപ വീതം നിർബന്ധിതമായി നൽകണമെന്നാണ് ഡി.ഡി.ഇ ഓഫീസിൽ നിന്നുള്ള നിർദ്ദേശം. ഇതിന്റെ കൂപ്പണുകൾ എ.ഇ.ഒ ഓഫീസ് വഴി സ്‌കൂളിൽ എത്തിയിട്ടുണ്ട്.

പ്ലസ് വൺ പ്രവേശനസമയം ഇതിനായുള്ള തുക വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയിട്ടുണ്ടെന്നരിക്കെ വീണ്ടും ഇതിനായി പണം നൽകുന്നത് ബുദ്ധിമുട്ടാണെന്ന് പി.ടി.എ യോഗം അറിയിച്ചു. സ്‌കൂളുകളിൽ നിർബന്ധിത പണപ്പിരിവ് പാടില്ലെന്ന് മുൻ ഉത്തരവ് ലംഘിച്ചാണ് പിരിവുകൾ നടത്തുന്നതെന്ന് യോഗം ആരോപിച്ചു. പ്രസിഡന്റ് ജെയിംസ് പാറേക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് വി.ഡി. ജോസി, എ.കെ. തങ്കച്ചൻ മിനി ഏലിയാസ്,​ വി.ബി. അനിൽ തുടങ്ങിയവർ സംസാരിച്ചു.