പള്ളുരുത്തി : അമിത വേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് ഇടക്കൊച്ചി സ്വദേശി ലോറൻസ് വർഗീസ് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി നഗരസഭാ കൗൺസിലർമാർ തോപ്പുംപടി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.സംഭവം നടന്നിട്ട് എട്ട് ദിവസമായിട്ടും ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ, ബാസ്റ്റിൻ ബാബു, ഷൈല തദേവൂസ് എന്നിവർ നേതൃത്വം നൽകി. ഫാ. ആന്റണി കുഴിവേലി ഉദ്ഘാടനം ചെയ്തു. തോപ്പുംപടി കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ലോറൻസ് വർഗീസിനെ അമിത വേഗത്തിൽ പാഞ്ഞുവന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാക്കനാട് - ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഷാനയെന്ന ബസാണ് ഇടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തെങ്കിലും ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. അതേസമയം,​

അപകടമുണ്ടാക്കിയ ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യാമെന്ന് കൗൺസിലർമാർക്ക് പൊലീസ് ഉറപ്പ് നൽകി. മട്ടാഞ്ചേരി അസി.കമ്മിഷണർ വി.ജി.രവീന്ദ്രനാഥാണ് കൗൺസിലർമാർക്ക് ഉറപ്പ് നല്കിയത്. പൊലീസിന്റെ ഉറപ്പിൽ പ്രതിഷേധത്തിൽ നിന്ന് തത്കാലം പിന്മാറുകയാണെന്നും നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും കൗൺസിലർമാർ പറഞ്ഞു.