pk-sreemathi

ആലുവ: ശാസ്ത്രബോധത്തിന്‌ നിരക്കാത്ത അന്ധവിശ്വാസം സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ആർ.എസ്‌.എസ്‌ ഉൾപ്പെടെയുള്ള വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന്‌ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വനിതാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളെ അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും നയിക്കാൻ ഇത്തരക്കാർ ശ്രമിക്കുകയാണ്‌. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യാനും സമൂഹത്തിൽ സ്വാധീനം ഉറപ്പിക്കാനുമാണ്‌ ശ്രമം. സ്ത്രീകളെ ഉപയോഗിച്ച്‌ വർഗീയ ശക്തികൾ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ്‌ നടത്തുന്നത്‌. പുരോഗമന ചിന്താഗതിയുള്ള കേരളത്തിലെ സ്ത്രീകൾ ഇത്തരം ആപത്തുകളിൽ വീഴരുത്‌. സ്ത്രീ ശക്തിയാണ്‌ രാജ്യത്തിന്റെ ശക്തിയെന്ന്‌ നരേന്ദ്ര മോദി പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ ബിൽക്കിസ്‌ ഭാനു കേസിലെ പ്രതികളെ ബി.ജെ.പി സർക്കാർ വെറുതെവിട്ടു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വം' എന്നതിലൂടെ ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്ന നയത്തിലേക്ക്‌ ആർ.എസ്‌.എസ്‌ രാജ്യത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണെന്നും പി.കെ. ശ്രീമതി ആരോപിച്ചു. വനിതാ സബ്‌ കമ്മിറ്റി ജോയിന്റ്‌ കൺവീനർ ഒ.എസ്‌. അംബിക എം.എൽ.എ അദ്ധ്യക്ഷയായി. കൺവീനർ കെ. കോമളകുമാരി,​ ജോയിന്റ്‌ കൺവീനർ ലളിതാ ബാലൻ,​ കെ.എസ്‌.കെ.ടി.യു സംസ്ഥാന പ്രസിഡന്റ്‌ എൻ.ആർ. ബാലൻ, ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, ട്രഷറർ സി.ബി. ദേവദർശനൻ, വൈസ്‌ പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ടി.സി. ഷിബു, കെ.പി. അശോകൻ എന്നിവർ സംസാരിച്ചു. 40 അംഗ സംസ്ഥാന വനിതാ സബ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കെ. കോമളകുമാരിയെ കൺവീനറായും ലളിത ബാലൻ, കോമള ലക്ഷ്മണൻ, കെ. അംബിക എന്നിവരെ ജോയിന്റ് കൺവീനർമാരെയും തിരഞ്ഞെടുത്തു.