മട്ടാഞ്ചേരി: ഡോ. എ.പി.ജെ അബ്ദുൾ കലാം ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. ഹാജി ഈസ ഹാജി മൂസ സ്കൂളിൽ നടന്ന ചടങ്ങ് മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർ വി.ജി രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. ലഹരി വില്പനയും ഉപയോഗവും ധീരകൃത്യമായി പലരും കരുതുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹം നേരിടുന്ന അപകടകരമായ വെല്ലുവിളിയാണ് ലഹരി. കുട്ടികളുടെ ശീലങ്ങളാണ് അവരുടെ ഭാവിയെ വാർത്തെടുക്കുന്നത്. എ. പി. ജെ. യുടെ ആശയങ്ങൾ സാക്ഷാത്കരിക്കാൻ അഗ്നി പറവകൾ എന്ന പേരിൽ പൊലീസ് വിദ്യാർഥി സേനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. പൊലീസും എക്സൈസും ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും സഹകരണം കൂടിയുണ്ടെങ്കിലെ ഫലപ്രാപ്തിയിലെത്തുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബ ലാൽ മുഖ്യ പ്രഭാഷണം നടത്തി. ഹാജി ഈസ ഹാജി മൂസ സ്കൂൾ അധ്യാപകൻ അബ്ദുൾ ഗാനി, പി. ടി. എ പ്രസിഡൻ്റ് കെ.ബി. അഷ്റഫ്, എം.എം സലിം, കെ.ബി സലാം, റഫീഖ് ഉസ്മാൻ സേട്ട്, സെയ്ദ് സെയ്തലവി, ജോൺസി ജോണി എന്നിവർ പങ്കെടുത്തു. ഫൗണ്ടേഷൻ ട്രഷറർ ജിബി സദാശിവൻ സ്വാഗതവും ജോ. സെക്രട്ടറി അഷ്കർ ബാബു നന്ദിയും പറഞ്ഞു. കലാം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കലാലയങ്ങളിലും വീടുകളിലും ഒരു വർഷം നീളുന്ന ലഹരി വിരുദ്ധ പ്രചാരണങ്ങൾക്കും തുടക്കമായി. വിദ്യാർഥികളെ ഉൾപ്പെടുത്തി ലഹരി പ്രതിരോധ സേനയ്ക്കും രൂപം നൽകുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.