പെരുമ്പാവൂർ: പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം. എൽ. എക്കെതിരെ രാജിവയ്ക്കും വരെ പ്രക്ഷോഭസമരം നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയതിനാൽ ദിവസങ്ങളായി എം.എൽ.എ. ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ജനപ്രതിനിധിയുടെ സേവനം അന്യമായിരിക്കുകയാണ്.
പൊതുസമൂഹത്തിനാകെ മാനക്കേടുണ്ടാക്കിയ എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പെരുമ്പാവൂരിലായിരിക്കും ആദ്യ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കു. എൽ.ഡി.എഫ്. സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. 16ന് വേങ്ങൂർ, 18ന് ഒക്കൽ, 19ന് അശമന്നൂർ, 21 ന് വെങ്ങോല 22ന് കൂവപ്പടി, രായമംഗലം എന്നിവിടങ്ങളിൽ പഞ്ചായത്ത് തലത്തിൽ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും ചേരും. ഇടതുപക്ഷ യുവജനസംഘടനകളുടേയും വനിതാ സംഘടനകളുടേയും ട്രേഡ് യൂണിയനുകളുടേയും പ്രക്ഷോഭപരിപാടികളും നഗരത്തിൽ നടക്കും.
സി.പി.എം. ഏരിയ സെക്രട്ടറി സി.എം. അബ്ദുൾ കരീം, സി.പി.ഐ. മണ്ഡലം സെക്രട്ടറി രമേശ് ചന്ദ്, കേരള കോൺ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്, സി.പി.ഐ. ജില്ലാ കമ്മറ്റി അംഗം കെ.പി. റെജിമോൻ, ഡോ. പ്രിൻസി കുര്യാക്കോസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.