mahin

കോതമംഗലം: കോതമംഗലം പൊലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് എസ്.ഐ മാഹിൻ സലീമിനെ റൂറൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. എസ്.എഫ്.ഐ കോതമംഗലം ഈസ്റ്റ് സെക്രട്ടറി​യും എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിയുമായ റോഷിൻ റെന്നി​ക്കാണ് മർദ്ദനമേറ്റത്. മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് മാഹിൻ സലീം.

തങ്കളം ബൈപാസ് റോഡിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിയെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയത് അന്വേഷിക്കാൻ ചെന്നതാണ് റോഷി​നും സംഘവും. റോഷി​നോടും സുഹൃത്തുക്കളോടും മേൽവി​ലാസം ആവശ്യപ്പെട്ടതി​നെ ചോദ്യം ചെയ്തതാണ് വാക്കുതർക്കത്തി​ലേക്ക് നയി​ച്ചത്. ഇതി​നി​ടെ സി​വി​ൽ ഡ്രസി​ലായി​രുന്ന മാഹിൻ ഓടിയെത്തി റോഷിനെ സ്റ്റേഷന് അകത്തേക്ക് വലിച്ച് കയറ്റി​ മുഖത്തും ചെവിക്കും ആഞ്ഞടിച്ചു. പരിക്കേറ്റ റോഷി​നെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചു. കുത്തുകുഴി സ്വദേശിയായ റോഷി​ൻ റെന്നി രണ്ടാം വർഷ ബി​.കോം വിദ്യാർത്ഥിയാണ്.

തങ്കളത്ത് തട്ടുകടയ്ക്ക് സമീപം ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതി​നാൽ കടയുടെ പ്രവർത്തന സമയത്തിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് അവഗണി​ച്ച് കട പ്രവർത്തിച്ചതിനെ ചോദ്യം ചെയ്തപ്പോൾ വി​ദ്യാർത്ഥി​ കയർത്ത് സംസാരിച്ചെന്നാണ് പൊലീസിന്റെ വാദം. ഒരാഴ്ചയായി ലഹരി വിരുദ്ധ ഡ്രൈവിന്റെ ഭാഗമായി പ്രദേശത്തെ ഏതാനും പേർക്കെതി​രെ കേസെടുത്തി​രുന്നു.