തൃക്കാക്കര: ലഹരിക്കെതിരെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ ജില്ലാ കളക്ടർ രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നാർകോട്ടിക്‌സ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. റെസിഡന്റ്‌സ് അസോസിയേഷനുകളെയും വിവിധ എൻ.ജി.ഒകളെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിവിധ വകുപ്പുകൾ തമ്മിൽ കൂടുതൽ ഏകോപനത്തിൽ നീങ്ങാനും യോഗത്തിൽ തീരുമാനമായി.കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ആലുവ റൂറൽ എസ്.പി വിവേക് കുമാർ, നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, ഫോറസ്റ്റ്, പൊലീസ്, സി.ഐ.എസ്.എഫ്, കോസ്റ്റ് ഗാർഡ്, ഡ്രഗ്‌സ് കൺട്രോൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.