കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാസമ്പന്നരായ വനിതകൾക്കുവേണ്ടി നടപ്പാക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി 'ടെക്ക് ശക്തി 1' ആദ്യ ബാച്ച് തുടങ്ങി. അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയുടെ പദ്ധതിയാണിത്. സ്മാർട്ട് മിഷൻ സി.ഇ.ഒ എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പ്രിൻസിപ്പൽ ഡോ.പി.സി. നീലകണ്ഠൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ ജോർജ് വർഗീസ്,ജോർജ് ഇടപ്പരത്തി, ഡോ.ചിക്കു എബ്രാഹം തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാജ്യോതിയുടെ ഭാഗമായി വരിക്കോലി മുത്തൂറ്റ് എൻജിനീയറിംഗ് കോളേജും ഈസ്റ്റേൺ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 40 വയസിൽ താഴെയുള്ള ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ള വനിതകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിലുംഡാറ്റ സയൻസിലും ബേസിക് പൈത്തൺ പ്രോഗ്രാമിലും സാങ്കേതിക പരിജ്ഞാനം നൽകി അതുവഴി പ്രോഗ്രാമിംഗ്, ഡേറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് തുടങ്ങിയ നൂതന തൊഴിൽമേഖലയിലേയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ പ്രോഗ്രാം വർക്ക് ലെവൽ അഞ്ചിന് സമാനമായ സർട്ടിഫിക്കറ്റ് ലഭിക്കും. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശീലനവും ക്ലാസും നടക്കുന്നത്.