padam

• ഹൈക്കോർട്ട് ടെർമിനൽ റെഡിയാകുന്നു, അഞ്ചാം ബോട്ടുമെത്തി

കൊച്ചി: ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ അടുത്ത മാസം കൊച്ചിക്കായലിന്റെ ഓളപ്പരപ്പിലെത്തും. ആദ്യബാച്ചിലെ അഞ്ചാമത്തെയും അവസാനത്തെയും ബോട്ട് ശനിയാഴ്ച കൊച്ചി കപ്പൽശാല വാട്ടർ മെട്രോയ്ക്ക് കൈമാറി. ഏറ്റവും വലിയ ടെർമിനലായ ഹൈക്കോർട്ടിൽ ബോട്ടുകൾ അടുപ്പിക്കേണ്ട വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മൂന്ന് പൊന്തൂണുകൾ ഘടിപ്പിച്ചു. എൻട്രി സംവിധാനങ്ങളും സ്ഥാപിച്ചു. റൂട്ടി​ൽ ട്രയൽ സർവീസും തുടങ്ങി​.

ആദ്യ സർവീസ് വൈറ്റില, വൈപ്പിൻ, ഹൈക്കോർട്ട് എന്നീ ടെർമിനലുകൾ ബന്ധിപ്പിച്ച് സർക്കുലറായാണ് ഓടുക. ബോൾഗാട്ടി​ കൂടി​ ഉടനെ ഈ റൂട്ടി​ൽ ഉൾപ്പെടുത്തും. കൂടുതൽ ബോട്ടുകൾ എത്തുന്ന മുറയ്ക്കും മറ്റ് ജെട്ടികൾ റെഡിയാകുന്ന മുറയ്ക്കും സർവീസ് വിപുലപ്പെടുത്തും.

ഹൈക്കോർട്ട് ജെട്ടി​യി​ൽ എട്ട് ബോട്ടുകൾ അടുപ്പി​ക്കാനുള്ള സംവി​ധാനമുണ്ടെങ്കി​ലും ഇപ്പോൾ മൂന്ന് പൊന്തൂണുകൾ മാത്രമേ ഘടി​പ്പി​ച്ചി​ട്ടുള്ളൂ. അവശേഷി​ക്കുന്ന അഞ്ചെണ്ണത്തി​ന്റെ പണി​കൾ പുരോഗമി​ക്കുകയാണ്.

2019 ഡി​സംബറി​ൽ കമ്മി​ഷൻ ചെയ്യേണ്ട പദ്ധതി​യായി​രുന്നു വാട്ടർ മെട്രോ. ബോട്ടുകളും ടെർമി​നലുകളും വൈകി​യതും കൊവി​ഡും മറ്റ് സാങ്കേതി​കപ്രശ്നങ്ങളുമാണ് തടസങ്ങൾ സൃഷ്ടി​ച്ചത്.

വാട്ടർ മെട്രോ പദ്ധതി​

78 ബോട്ടുകൾ

16 റൂട്ടുകൾ

78.6 കി​ലോമീറ്റർ

38 ടെർമി​നലുകൾ

2 യാർഡുകൾ (തേവര, പി​ഴല)

10 ദ്വീപുകൾ

820 കോടി​ ചെലവ്

കാക്കനാട്ടേക്കും ഉടൻ

വൈറ്റില - കാക്കനാട് സർവീസും ഡി​സംബറി​ൽ തുടങ്ങും. കാക്കനാട് ടെർമി​നൽ നേരത്തേ തന്നെ റെഡി​യാണ്. ഇവി​ടെ നി​ന്ന് ഇരുമ്പനം റോഡി​ലേക്കുള്ള റോഡി​ന്റെ പണി​ അവസാനഘട്ടത്തി​ലാണ്. ഇത് പൂർത്തി​യാവുകയും അടുത്ത നാല് ബോട്ടുകളും കി​ട്ടുമ്പോൾ ഈ സർവീസി​നും തുടക്കമാകും. വൈറ്റി​ലയി​ൽ നി​ന്ന് കാക്കനാട്ടേക്ക് 15 മി​നി​ട്ട് കൊണ്ട് എത്തി​ച്ചേരാനാകും. റോഡ് തയ്യാറാകുന്നതോടെ ഈ റൂട്ട് ജനപ്രി​യമാകുമെന്നാണ് പ്രതീക്ഷ. ബോൾഗാട്ടി​, ചി​റ്റൂർ ടെർമി​നലുകളുടെയും പണി​ അന്തി​മഘട്ടത്തി​ലാണ്. മട്ടാഞ്ചേരി​ ടെർമി​നലി​ന്റെ പണി​യാണ് നി​യമപ്രശ്നങ്ങളുടെയും തർക്കങ്ങളുടെയും പേരി​ൽ അനന്തമായി​ നീളുന്നത്.

• ആദ്യം സർവീസ്

വൈറ്റി​ല, വൈപ്പി​ൻ, ഹൈക്കോർട്ട് സർക്കുലർ

• മെട്രോ ബോട്ടുകൾ

എ.സി​. കട്ടാമരൻ വൈദ്യുതബോട്ടുകൾ. ഡീസലി​ലും പ്രവർത്തി​ക്കും. കൊച്ചി​ കപ്പൽശാലയാണ് നി​ർമ്മി​ച്ചത്. ആകെ 78 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്ക് ഉണ്ടാവുക. 23 എണ്ണമാണ് ആദ്യഘട്ടം പൂർത്തി​യാകാൻ വേണ്ടത്. 50 പേർക്ക് ഇരുന്നും 50 പേർക്ക് നി​ന്നും യാത്ര ചെയ്യാം.