കിഴക്കമ്പലം: അപകടങ്ങൾ തുടർക്കഥയായ ചൂരക്കോട് വളവിൽ ഇനി ഭീതിയില്ലാതെ യാത്ര ചെയ്യാം. നാളുകളായി താറുമാറായി കിടന്ന ഇവിടെ ഇന്റർലോക്ക് കട്ട വിരിച്ച് റോഡിന്റെ അപകടാവസ്ഥയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കി. ഇവിടത്തെ അപകടങ്ങൾ സംബന്ധിച്ച കേരളകൗമുദി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ നടത്തിയ ഇടപെടലാണ് ഇന്റർ ലോക്ക് കട്ടകൾ വിരിക്കുന്നതിന് വഴിതെളിച്ചത്.
പി.പി റോഡിൽ ചൂരക്കോട് ബൈപ്പാസ് തുടങ്ങുന്ന ഭാഗത്താണ് റോഡ് താറുമാറായി കിടന്നത്. ബൈപ്പാസിൽ നിന്നടക്കം വരുന്ന മഴവെള്ളം റോഡിൽ കുത്തിയൊലിച്ച് ഇവിടെ ഗട്ടറുകൾ രൂപപ്പെടുന്നത് പതിവായിരുന്നു.റോഡിന് ഇരു വശങ്ങളിലും കാനകൾ തീർക്കാതെ ടാർ ചെയ്യുന്നത് പഴയപടി ആകുമെന്നുറപ്പായതോടെയാണ് ഇന്റർലോക്ക് വിരിക്കാൻ തീരുമാനമായത്. പി.പി. റോഡിൽ പുത്തൻകുരിശ് ഡിവിഷന്റെ കീഴിലാണ് റോഡ്. റോഡിന്റെ ഇരു ഭാഗത്തുമുള്ള കുഴികൾ ടാർ റെഡിമിക്‌സ് ഉപയോഗിച്ച് നേരത്തെ അടച്ചിരുന്നു. ഇതോടെ അപകടങ്ങളും വർദ്ധിച്ചു. ഗട്ടറില്ലാത്ത ഇരു ഭാഗത്ത് നിന്നും പാഞ്ഞുവരുന്ന വാഹനങ്ങൾ ചൂരക്കോട് വളവിലെത്തുമ്പോൾ കുഴി ഒഴിവാക്കാൻ വെട്ടിച്ച് മാറ്റുന്നതോടെ പിന്നിൽ നിന്നുവരുന്ന വാഹനങ്ങൾ ഇടിച്ചും മറിഞ്ഞും നിരവധി അപകടങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നത്. റോഡിന്റെ മോശം അവസ്ഥ സംബന്ധിച്ച് 2021 ആഗസ്റ്റ് 27 ന് നാട്ടുകാർ പി.ഡബ്ളിയു.ഡി ഫോർ യു ആപ്പിൽ പരാതി നൽകിയിരുന്നു. തീരുമാനമാകാത്തതിനെ തുടർന്ന് സെപ്തംബർ 8 ന് വീണ്ടും പരാതി നൽകി. എന്നിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് വിഷയം എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ പൊതുമരാമത്ത് വകുപ്പിൽ നിന്ന് റിപ്പോർട്ട് തേടിയ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമായത്. ഗതാഗത തടസം ഒഴിവാക്കാൻ രാത്രി സമയത്ത് നിർമ്മാണം പൂർത്തിയാക്കാനാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം നിർമ്മാണം തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.