മുന്നണിവിടുമെന്ന് സി.പി.ഐ

കൊച്ചി: ഉദയംപേരൂർ ഐ.ഒ.സി ബോട്ട്ലിംഗ് പ്ളാന്റിലെ എ.ഐ.ടി.യു.സി - സി.ഐ.ടി.യു തൊഴിൽ തർക്കം ഉദയംപേരൂർ പഞ്ചായത്ത് ഭരണത്തെയും പ്രതിസന്ധിയിലാക്കുന്നു. തർക്കം തീർന്നില്ലെങ്കിൽ പഞ്ചായത്തിലെ എൽ.ഡി.എഫ് മുന്നണി ബന്ധം അവസാനിപ്പിക്കാൻ തീരുമാനി​ച്ചതായി​ സി​.പി.ഐ ഉദയംപേരൂർ ലോക്കൽ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്ക് കത്ത് നൽകി.

വെള്ളി​യാഴ്ച സെക്രട്ടറി​ കെ.എസ്.പവി​ത്രന്റെ അദ്ധ്യക്ഷതയി​ൽ നടന്ന യോഗത്തി​ൽ സംസ്ഥാന കൗൺസിൽ അംഗം ടി.രഘുവരൻ, ജി​ല്ലാ കൗൺ​സി​ൽ അംഗം കെ.ആർ. റെനീഷ് തുടങ്ങി​യവർ സംബന്ധി​ച്ചി​രുന്നു. മണ്ഡലം കമ്മി​റ്റി​ക്ക് പ്രാദേശി​ക കാര്യങ്ങളി​ൽ തീരുമാനമെടുക്കാമെന്നാണ് പാർട്ടി​ നയം.

ബോട്ട്ലിംഗ് പ്ളാന്റിൽ സിലിണ്ടറുകൾ കയറ്റാൻ എ.ഐ.ടി.യു.സി യൂണിയനിൽ അംഗമായ തൊഴിലാളി കൊണ്ടുവന്ന പുതിയ ട്രക്ക് സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞ് കൊടി​കുത്തി​യതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാനം. ഏരിയകമ്മിറ്റി തലത്തിൽ ഇരുപാർട്ടി​ നേതാക്കൾ തമ്മി​ൽ നടത്തി​യ ചർച്ചകളും അലസി​.

രണ്ടുമാസം മുമ്പ് തൃപ്പൂണി​ത്തുറ ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമി​തി​യി​ലേക്ക് സി​.പി​.ഐ നി​ർദേശി​ച്ച മൂന്നു പേരി​ൽ രണ്ടാൾക്ക് മാത്രമായി​രുന്നു അംഗത്വം നൽകി​യത്. ഇതേ ചൊല്ലി​യും ഉയർന്ന അഭി​പ്രായഭി​ന്നത ഇനി​യും തീർന്നി​ട്ടി​ല്ല.

സി​.പി​.എം ശക്തി​കേന്ദ്രമായ ഉദയംപേരൂരി​ൽ കഴി​ഞ്ഞവട്ടം സി​.പി​.എമ്മി​ന് പഞ്ചായത്തി​ൽ ആകെ മൂന്ന് സീറ്റുകളാണ് ഉണ്ടായി​രുന്നത്. 16 സീറ്റി​ൽ കോൺ​ഗ്രസും ഒരു സീറ്റി​ൽ സി​.പി​.ഐയുമാണ് ജയി​ച്ചത്. 2005-10 കാലഘട്ടത്തി​ൽ പഞ്ചായത്തി​ലെ ഏക സി​.പി​.ഐ പ്രതി​നി​ധി​ യു .ഡി​.എഫ് പി​ന്തുണയോടെയാണ് ജയി​ച്ചത്.

ഉദയംപേരൂർ പഞ്ചായത്ത് കക്ഷി​നി​ല

 ആകെ സീറ്റ് : 20

 സി.പി.എം : 09

 സി.പി.ഐ : 03

 കോൺഗ്രസ് : 07

 സ്വതന്ത്രർ : 01

''തൊഴിലിടങ്ങളിൽ തൊഴിലാളിയെ നിയമിക്കാനുള്ള അധികാരം തൊഴിലുടമയ്ക്ക് മാത്രമാണെന്നത് എൽ.ഡി.എഫ് സർക്കാർ നയമാണ്. മറ്റ് യൂണിയനുകളെ പ്രവർത്തിക്കാൻ അനുവദിക്കില്ലന്നുമുള്ള നിലപാട് അംഗീകരിക്കാൻ കഴിയില്ല.

പി.വി.പ്രകാശൻ,

എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി