school
ലോക ഭക്ഷ്യ ദിനത്തോട്നുബന്ധിച്ച് മുളവൂർ എം. എസ്. എം സ്കൂളിൽ സംഘടിപ്പിച്ച നാടൻ ഭക്ഷ്യമേള .

മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ല ഭക്ഷണം എല്ലാവർക്കും എന്ന മുദ്രാവാക്യമുയർത്തി നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ജങ്ക് ഫുഡിന്റെ പിടിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ജീവിത ശൈലീരോഗങ്ങൾ വരുത്തുന്ന ഭക്ഷ്യശീലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക, നാടൻ ഭക്ഷ്യ ഇനങ്ങളുടെ ഗുണവും മേന്മയും പുതു തലമുറയെ പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കപ്പ, ചീര, തക്കാളി, ഗോതമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന പുട്ടുകൾ മുള, ചക്ക, ചേന, അരി, പയർ, പരിപ്പ്, ചക്കക്കുരു തുടങ്ങിയവ ഉപയോഗിച്ചുള്ള വിവിധയിനം പായസങ്ങൾ ചക്ക, ചക്കക്കുരു,​ ചേമ്പ്, ചേനത്തണ്ട്, ചെറുകിഴങ്ങ്,​ വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിവയുപയോഗിച്ചുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങൾ എന്നിവ ഭക്ഷ്യമേളയിൽ അണിനിരത്തിയിരുന്നു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഭക്ഷ്യമേളയുടെ ഉദ്ഘാടനവും ബോധവത്കരണ ക്ലാസും പായിപ്ര പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു നിർവഹിച്ചു. ഭക്ഷ്യ സ്റ്റാളുകളുടെ ഉദ്ഘാടനംസ്കൂൾ മാനേജർ എം.എം.സീതി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നാസർ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ഇ.എം.സൽമത്ത്, എം.എസ്.എം ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എം.അലി, ട്രഷറർ എം.എം.കുഞ്ഞുമുഹമ്മദ്, പി.ടി.എ ഭാരവാഹികളായ ഫൈസൽ പനക്കൽ, ഷാനവാസ്, അദ്ധ്യാപകരായ മുഹമ്മദ് കുട്ടി, കെ.ആർ. രമ്യാ എന്നിവർ സംസാരിച്ചു.