
കൊച്ചി:നരബലിക്ക് ഇരയായ റോസിലിയുടെയും പദ്മത്തിന്റെയുമെന്നു കരുതുന്ന ശരീരാവശിഷ്ടങ്ങളിൽ കാണാതായ ഭാഗങ്ങളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. നട്ടെല്ലിന്റെ കശേരുക്കളും വാരിയെല്ലുകളും പൂർണമായും കുഴികളിൽ നിന്ന് ലഭിച്ചിട്ടില്ല.
ആദ്യം കൊല്ലപ്പെട്ട റോസിലിയുടെ ശരീരഭാഗങ്ങൾ ഏതാണ്ട് പൂർണമായും അഴുകിപ്പോയി. ഡി.എൻ.എ പരിശോധനാ ഫലം കിട്ടിയെങ്കിലേ മൃതദേഹങ്ങൾ ആരുടേതെന്ന് സ്ഥിരീകരിക്കാനാവൂ. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. എല്ലുകളുടെ പരിക്കുകളും പല്ലുകളുടെ പ്രത്യേകതകളും വച്ച് മൃതദേഹം റോസിലിയുടേതെന്ന് സ്ഥിരീകരിക്കാനും ശ്രമികിക്കുന്നുണ്ട്. ഡി.എൻ.എയിൽ ഉറപ്പായെങ്കിലേ ജഡാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറാനാകൂ.
ജഡങ്ങളുടെ ആന്തരികാവയവങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചതായുള്ള മൊഴികൾ നിയമത്തിന് മുന്നിൽ സ്ഥിരീകരിക്കാൻ ഫ്രിഡ്ജിലെയും പാചകത്തിന് ഉപയോഗിച്ച പാത്രങ്ങളുടെയും മറ്റും ഫോറൻസിക് ഫലവും ലഭിക്കണം.
ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ മനോവൈകൃതങ്ങളുടെ ഭാഗമായി ഇയാൾ തന്നെ ഇവ മുറിച്ചെടുത്ത് ലൈലയെ ഏൽപ്പിക്കുകയായിരുന്നുവത്രെ. ഭഗവൽദാസ് മനുഷ്യമാംസം ഭക്ഷിക്കാൻ വിസമ്മതിച്ചതായും സൂചനകളുണ്ട്.
റോസിലിയെ ബലി നൽകിയ ശേഷവും സാമ്പത്തികോന്നതി ഉണ്ടാകാത്തതിനെ തുടർന്ന് ലൈലയും മുഹമ്മദ് ഷാഫിയും തമ്മിൽ ഭിന്നതയുണ്ടായി. ഇവർ നൽകിയ നാല് ലക്ഷത്തോളം രൂപ തിരികെ ചോദിച്ചു. തുടർന്നാണ് വീണ്ടും ബലിക്കായി ഒരുങ്ങിയതും ഒന്നര ലക്ഷം രൂപ ഇതിന് നൽകിയതെന്നുമാണ് ലൈലയുടെ മൊഴി.
മനുഷ്യമാംസം വിറ്റും പണമുണ്ടാക്കാമെന്ന് പറഞ്ഞ് ഷാഫി കബളിപ്പിക്കുകയും ചെയ്തുവത്രെ. ബംഗളൂരുവിൽ നിന്ന് ആള് വരുമെന്നാണ് വിശ്വസിപ്പിച്ചത്. ഒടുവിൽ ഈ മാംസവും കുഴിയിൽ തള്ളി.
ഭഗവൽ സിംഗിനെ കുടുക്കാനായി ശ്രീദേവി എന്ന പേരിൽ ഷാഫി സൃഷ്ടിച്ച വ്യാജ ഫേസ് ബുക്ക് പേജിൽ നിന്ന് കാര്യമായ സൂചനകളൊന്നും സൈബർ പൊലീസിന് ലഭിച്ചിട്ടില്ല. കൂടുതൽ ആഴത്തിലെ പരിശോധനയ്ക്കായി ഫേസ് ബുക്കിന്റെ സഹായം തേടും. നശിപ്പിച്ചെന്ന് പറയുന്ന ഷാഫിയുടെ ഫോൺ വീണ്ടെടുത്തിട്ടില്ല.