road
നിർമ്മാണം നിലച്ചുകിടക്കുന്ന സീപോർട്ട് - എയർപോർട്ടിന്റെ ഭാഗമായ എൻ.എ.ഡി ഭാഗം.

ആലുവ: സീപോർട്ട് -എയർപോർട്ട് റോഡിന്റെ ഭാഗമായി കോടികൾ മുടക്കി നിർമ്മിച്ച നാല് വരിപ്പാത ഒരു വർഷം പിന്നിട്ടിട്ടും ഉപയോഗശൂന്യമായ അവസ്ഥയിൽ. കളമശേരി എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗത്തെ റോഡാണ് രണ്ടറ്റവും കൂട്ടിമുട്ടാത്തതിനാൽ ജനങ്ങൾ ഉപകാരമില്ലാതെയാകുന്നത്.

എച്ച്.എം.ടി റോഡിൽ സിഗ്നൽ മുതൽ എൻ.എ.ഡി റോഡിന് സമീപം വരെ രണ്ട് കിലോമീറ്റർ നീളത്തിലാണ് 200 കോടി ചെലവിൽ നാല് വരിപ്പാത പൂർത്തീകരിച്ചത്. എച്ച്.എം.ടി റോഡ് സിഗ്നലിൻ നിന്ന് 250 മീറ്ററും എൻ.എ.ഡി റോഡിൽ നിന്ന് 100 മീറ്ററും റോഡില്ലാത്തതാണ് നാലുവരിപ്പാതെ ഉപയോഗിക്കാൻ സാധിക്കാത്തതിന് കാരണം. ഒരു ഭാഗത്ത് എച്ച്.എം.ടിയുമായും മറുഭാഗത്ത് എൻ.എ.ഡിയുമായുള്ള തർക്കം പരിഹരിക്കാൻ ശ്രമം ഇല്ലാത്തതാണ് കോടികൾ തുലയാൻ കാരണം. പൂർണ്ണമായും പാടശേഖരത്തിലൂടെ മണ്ണിട്ട് ഉയർത്തി കയറ്റവും ഇറക്കവും വളവും തിരിവുമില്ലാതെ നിർമ്മിച്ച നാല് വരിപ്പാത സാങ്കേതിക മേന്മകൊണ്ട് ശ്രദ്ധേയമാണ്.

ഇരുമ്പനം റോഡിൽ നിന്ന് വരുന്ന വാഹന യാത്രികർക്ക് എൻ.എ ഡി റോഡിലെത്തി അവിടെ നിന്ന് നൊച്ചിമ തുരപ്പിലെത്തി മെഡിക്കൽ കോളേജ് റോഡിൽ പ്രവേശിച്ച് ആലുവ, പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ നാലുവരിപ്പാത വഴിയൊരുക്കും.

രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്ന് പറഞ്ഞ് തുടങ്ങിയ സീ പോർട്ട്-എയർപോർട്ട് റോഡ് നിർമ്മാണം 24 കൊല്ലം കഴിഞ്ഞിട്ടും ഒച്ച് ഇഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. എച്ച്.എം.ടി, എൻ.എ.ഡി പാരിസ്ഥിതിക പഠനം, സർവേ, സാങ്കേതികം തുടങ്ങിയ പതിവ് പല്ലവികളാണ് ഇപ്പോഴും ഉദ്യോഗസ്ഥർ പറയുന്നത്.

ഉദ്യോഗസ്ഥ അലംഭാവം വെടിയണം: ബി.ജെ.പി

200 കോടി മുടക്കി ഒരു വർഷം പിന്നിട്ടിട്ടും റോഡ് സഞ്ചാരയോഗ്യമാകാതെ കിടക്കുന്നത് ഉദ്യോഗസ്ഥ അലംഭാവം മൂലമാണെന്ന് ബി.ജെ.പി ആലുവ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാങ്കേതിക പ്രശ്നം പരിഹരിച്ച് റോഡ് രണ്ടറ്റവും കൂട്ടിമുട്ടിച്ച് യാത്രക്കാർക്ക് തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന ആവശ്യപ്പെട്ടു. ആലുവ മണ്ഡലത്തിന്റെ വികസനത്തിനുതകുന്ന സീപോർട്ട് - എയർപോർട്ട് റോഡ് പൂർത്തിയാക്കാൻ കഴിയാത്തത് എം.എൽ.എയുടെ കഴിവുകേടാണെന്നും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.