1

ഫോർട്ട്കൊച്ചി: കൊച്ചിയുടെ പ്രധാന വിനോദ കേന്ദ്രമായ ഫോർട്ട്കൊച്ചി ബീച്ച് അപകടമുനമ്പായി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആറ് സ്കൂൾ വിദ്യാർത്ഥികളടക്കം 10 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വടക്കേയിന്ത്യക്കാരനടക്കം പത്തോളം പേർ ഒഴുക്കിൽപ്പെട്ടതും അടുത്തിടയ്ക്കാണ്. ഒടുവിൽ കാണാതായ കൊല്ലം സ്വദേശിയെ കണ്ടെത്താനായിട്ടില്ല. യുവാക്കളുടെ സാഹസിക പ്രകടനവും അടിയൊഴുക്കിന്റെ ഗതിമാറ്റവുമാണ് അപകടങ്ങൾക്കെല്ലാം കാരണമെന്നാണ്

മത്സ്യത്തൊഴിലാളികൾ പറയുന്നു. പ്രതിദിനം ആയിരക്കണക്കിന് വിദേശ ആഭ്യന്തര വിനോദസഞ്ചാരികളാണ് ഫോർട്ട്കൊച്ചിയിലെത്തുന്നത്. പകൽ സമയത്ത് മാത്രമാണ് ലൈഫ്ഗാർഡുള്ളത്. വൈകിട്ട് ബീച്ചിൽ യാതൊരു നിയന്ത്രണവുമില്ല. ഈ സമയം കടലിലിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

ഉപകരണമില്ല

ഒഴുകിപ്പെടുന്നവരെ രക്ഷിക്കാൻ ലൈഫ് ഗാർഡുമാർക്ക് ഉപകരണങ്ങളില്ലെന്ന് ആരോപണമുയ‌ർന്നിട്ടുണ്ട്. വൈകിട്ടും ഇവരുടെ സേവനവും വേണമെന്നാണ് ആവശ്യം. പൊലീസിന്റെ ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

കൂടുന്നു ലഹരിഉപയോഗം

തീരത്തെ കടൽഭിത്തികളിലും ഒഴിഞ്ഞ മേഖലകളും കേന്ദ്രീകരിച്ച് ലഹരി ഉപഭോഗം വർദ്ധിക്കുന്നു. ഇരുട്ടുമൂടിയ സ്ഥലങ്ങളാണ് മറ്റ് കേന്ദ്രങ്ങൾ.