ആലുവ: അധികാരികളുടെ വാഗ്ദാന ലംഘനം കാരണം ആറ് വർഷം പിന്നിട്ടിട്ടും കിടപ്പാടമില്ലാതെ ചൂർണിക്കരയിലെ 400 ഓളം നിർദ്ധന കുടുംബങ്ങൾ. ലൈഫ് പദ്ധതിക്കായി പഞ്ചായത്തിൽ കണ്ടെത്തിയ സ്ഥലങ്ങൾ അടിസ്ഥാനമാക്കി നടപടികളാരംഭിക്കാൻ തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടും മെല്ലേപ്പോക്കാണെന്നാണ് ലൈഫ് മിഷൻ ആക്ഷൻ കൗൺസിലിന്റെ ആരോപണം.
ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ പുറമ്പോക്ക് ഭൂമികൾ 13,16,17,18 വാർഡുകളിലായി കണ്ടെത്തിയിട്ട് നിരവധി വർഷങ്ങളായി. ഇതു കൂടാതെ സർക്കാർ സ്ഥാപനമായ എഫ്.ഐ.ടിയുടെ പിന്നിലും ഏക്കറുകണക്കിന് സ്ഥലം ഉണ്ട്.
ലൈഫ് അപേക്ഷകർ ഒപ്പിട്ട മാസ് പെറ്റീഷൻ നൽകിയതിന് പിന്നാലെയാണ്
തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി നിർദ്ദേശം നൽകിയത്. ഭൂമി ലഭ്യതയ്ക്കായി നടപടികൾക്ക് ആലുവ തഹസിൽദാറിനോട്(എൽ.ആർ) നിർദേശിച്ചു. തഹസിൽദാർ തുടർ നടപടികൾക്കായി ചൂർണ്ണിക്കര വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തി.
എന്നാൽ ഭൂമിയും പഞ്ചായത്ത് ബജറ്റിൽ 4 കോടി രൂപ വിഹിതവും ഉണ്ടായിട്ടും അധികൃതർ ഒന്നിലും താത്പര്യം കാട്ടുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പി.നാരായണൻകുട്ടി, സി.കെ.സതീശൻ എന്നിവർ കുറ്റപ്പെടുത്തി.
ആക്ഷൻ കൗൺസിൽ തദ്ദേശ ഭരണ മന്ത്രിക്ക് നൽകിയിരുന്ന നിവേദനത്തിൽ തുടർ പരിശോധനാ നടപടി റിപ്പോർട്ട് ലൈഫ് മിഷൻ സംസ്ഥാന കോ ഓർഡിനേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്.ഐ.ടിയുടെ പാട്ടഭൂമിക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ
പ്രിൻസിപ്പൽ സെക്രട്ടറിയോട് വ്യവസായ
മന്ത്രിയും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും വിഷയത്തിൽ ഇടപെട്ട് ചൂർണ്ണിക്കര പഞ്ചായത്ത് സെക്രട്ടറിയോട് പാട്ടഭൂമി വിട്ടുകിട്ടുന്നതിനുള്ള വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.