sarath-

തൃക്കാക്കര: എടത്തല തേവക്കൽ കൈലാസ് കോളനി തൈക്കാവ് റോഡ് ഇല്ലിപ്പറമ്പിൽ പോൾ ജോസഫിന്റെ (57)കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി കാക്കനാട് ഇടച്ചിറ ലക്ഷംവീട്‌ കോളനിയിൽ കളത്തിക്കുഴി വീട്ടിൽ ശരത്തിന (27) തൃക്കാക്കര പൊലീസ് പിടികൂടി.

കഴിഞ്ഞ ആറിന് രാത്രിയാണ് കങ്ങരപ്പടിയിലെ ബാറിൽ മദ്യലഹരിയിൽ ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. ശരത്തിന്റെ അടിയേറ്റ പോൾ ജോസഫ് ടേബിളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ബാറിൽ അവശനിലയിൽ കണ്ടെത്തിയ പോൾ ജോസഫിനെ ഭാര്യാ സഹോദരിയുടെ മകൻ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. മദ്യലഹരിയിൽ വീണതായിരിക്കാമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. അടുത്ത ദിവസവും രാവിലെ അബോധാവസ്ഥയിൽ തുടർന്ന പോളിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിന്നീടാണ് ബാറിൽ യുവാവുമായി സംഘർഷമുണ്ടായ വിവരം ബന്ധുക്കൾ അറിയുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോൾ ജോസഫിനെ പ്രതി മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തത്. തൃക്കാക്കര സി.ഐ ആർ.ഷാബു, എസ്.ഐ.മാരായ പി.ബി. അനീഷ്, റോയ് കെ. പൊന്നൂസ്, റഫീഖ്, എ.എസ്.ഐ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.