കൊച്ചി: എറണാകുളം നഗരമദ്ധ്യത്തിലെ ചിറ്റൂർ റോഡിലൂടെയാണോ യാത്ര? എങ്കിലത് അല്പം റിസ്‌കാണ് സാറേ!
കാരണം മറ്റൊന്നുമല്ല.
ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.
റോഡിന് വീതി തീരെയില്ല. നടപ്പാതകൾ പലതും പൊട്ടിപ്പൊളിഞ്ഞിട്ട് കാലം ഏറെയായി. അഴിഞ്ഞുകിടക്കുന്ന കേബിളുകൾ, വൈദ്യുത തൂണുകൾ, കടകളുടെ ബോർഡുകൾ, കടകളിലെ ഗ്യാസ് സിലിണ്ടറുകൾ, മറ്റ് സാധനങ്ങൾ, പാർക്കിംഗ് തുടങ്ങി യാത്രാദുരിതത്തിന് എന്തൊക്കെ വേണോ അതെല്ലാം ഇവിടെയുണ്ട്.
റോഡിലൂടെ നടക്കണമെങ്കിൽ പിറകിലും കണ്ണുവേണം. കച്ചേരിപ്പടി, വളഞ്ഞമ്പലം ഭാഗങ്ങളിലേക്ക് അതിവേഗം എത്താൻ വാഹനയാത്രക്കാർ തിരഞ്ഞെടുക്കുന്ന റോഡാണിത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഇതുവഴി സർവീസ് നടത്തുണ്ട്. ഈ തിരക്ക് ഇവിടെ വലിയ അപകട സാദ്ധ്യ ഉണ്ടാക്കുന്നുണ്ട്.
പൊട്ടിയ സ്ലാബുകൾ
വാഹനാപകടങ്ങൾ ഭയന്ന് നടപ്പാതകളിൽക്കൂടി നടന്നാൽ കാലൊടിയാനുള്ള സാദ്ധ്യത ഏറെ. താഴോട്ട് നോക്കി നടന്നില്ലെങ്കിൽ ഓടയിലെ കുഴിയിൽവീഴും. ഓടയുടെ സ്ലാബുകൾ പലതും ഇളകിമാറിയും പൊട്ടിയും കിടക്കുന്നു. കുഴപ്പമില്ലാത്ത ഭാഗങ്ങളിലാകട്ടെ കടകളുടെ ബോർഡുകളും നിരത്തിവച്ചിട്ടുണ്ട്.
പാർക്കിംഗ്
കാറുകളും ഓട്ടോകളും ഇടുങ്ങിയ റോഡിന്റെ വശങ്ങളിലും നടപ്പാതകളിൽ കയറ്റിയും പാർക്ക് ചെയ്യുന്നത് എല്ലാ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കടകളുടെ മുൻവശം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സ്ഥിരംകാഴ്ച. ചായയും ജ്യൂസുകളും വിൽക്കുന്ന കടകൾക്ക് മുമ്പിൽ യുവാക്കൾ ബൈക്കിലെത്തി തമ്പടിക്കുന്നതാണ് പതിവ്. ഈ ഭാഗങ്ങളിൽ തിരക്ക് കൂടുമ്പോൾ ഇത്തരം അനധികൃത പാർക്കിംഗ് വലിയ രീതിയിൽ യാത്രാതടസം സൃഷ്ടിക്കും.
''റോഡിന് വീതിയില്ലാത്തപ്പോൾ അതിനനുസരിച്ച് അധികൃതർ ക്രമീകരണം ഒരുക്കണം. ഓടകളുടെ സ്ലാബ് തകർന്നത് നവീകരിക്കാൻ ആരും തയ്യാറാവുന്നില്ല. വലിയ ഭയപ്പാടോടെയാണ് നടക്കുന്നത്. ബസുകൾ പോകുന്ന റോഡാണിത്. അതിനനുസരിച്ച് റോഡ് വികസിപ്പിക്കണം""
ബി. സന്തോഷ്,
യാത്രക്കാരൻ