
കൊച്ചി: പാതയോരങ്ങളിലെ കൊടിതോരണങ്ങളും ബോർഡുകളും ബാനറുകളും നീക്കാൻ സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി കാട്ടുന്നില്ലെന്ന് ഹൈക്കോടതി. കണ്ണൂർ ന്യൂമാഹിയിൽ പൊതുസ്ഥലത്തു സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടിയിൽ സർക്കാർ വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. കൊടിതോരണങ്ങളും ബാനറുകളും നീക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
നാലു വർഷത്തിനിടെ പല നിർദ്ദേശങ്ങളും നൽകിയെങ്കിലും ഫലപ്രദമായി നടപ്പാക്കിയില്ല. താത്പര്യമില്ലെങ്കിൽ ഒളിച്ചു കളിക്കാതെ സർക്കാർ അതു തുറന്നു പറയണം. ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കാനായില്ലെങ്കിൽ കോടതിക്ക് ശക്തിയില്ലാതാകുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.
കളമശ്ശേരി, ആലുവ നഗരസഭകളിലെ ചില ഭാഗങ്ങളിൽ പാതയോരങ്ങളിലും റോഡിലെ മീഡിയനിലും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാത്തതിൽ ഇരു നഗരസഭാ സെക്രട്ടറിമാരും നാളെ നേരിട്ട് ഹാജരാകണമെന്ന് സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. സംഘാടകരുടെ സമ്മർദ്ദത്തെ തുടർന്ന് നടപടിയെടുക്കാൻ കഴിയുന്നില്ലെന്ന് നഗരസഭാ സെക്രട്ടറിമാർ അമിക്കസ് ക്യൂറിയോട് വിശദീകരിച്ചിരുന്നു. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ഹാജരാകണം.