ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ ആഭിമുഖ്യത്തിൽ ആലുവ ലക്ഷ്മി നഴ്‌സിംഗ് ഹോം സ്ഥാപകനും എസ്.എൻ.ഡി.പി യോഗം മുൻ ബോർഡ് അംഗവുമായിരുന്ന ഡോ. എം.എൻ. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു.
ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ.നിർമ്മൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് അംഗം വി.ഡി.രാജൻ ആമുഖപ്രസംഗം നടത്തി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, മുൻ മന്ത്രി എസ്. ശർമ്മ, മുൻ എം.എൽ.എ എ.എം.യൂസഫ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ജോർജ്, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എസ്.സ്വാമിനാഥൻ, ബി.ജെ.പി നേതാവ് കെ.ജി.ഹരിദാസ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, ജി.സി.ഡി.എ മുൻ സെക്രട്ടറി എം.എൻ.സത്യദേവൻ, നഗരസഭാ കൗൺസിലർ കെ.ജയകുമാർ, ശ്രീനാരായണ സുഹൃദ് സമിതി പ്രസിഡന്റ് കെ.പി.അനിൽകുമാർ എന്നിവർ സംസാരിച്ചു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ.രാമചന്ദ്രൻ സ്വാഗതവും കൗൺസിലർ കെ.കെ.മോഹനൻ നന്ദിയും പറഞ്ഞു.
സാധാരണക്കാരുടെ ഡോക്ടർക്ക് നൊമ്പരത്തോടെ യാത്രാമൊഴി
ആലുവ: ഞായറാഴ്ച്ച അന്തരിച്ച ഡോ. എം.എൻ.മുകുന്ദന് ആലുവ പൗരാവലി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. സമൂഹത്തിലെ ഉന്നത മേഖലകളിലുള്ളവർ മുതൽ സാധാരണക്കാർ വരെ പാലസ് റോഡിലെ നെസിൽ അന്തിമോപചാരം അർപ്പിക്കാനെത്തി. ആലുവ നഗരത്തിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന പലരുടെയും കുടുംബ ഡോക്ടറായിരുന്നു. അതിനാൽ പലരും പ്രായത്തിന്റെ അവശതകൾ മറന്നും തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ ഒരു നോക്കുകാണാൻ രാവിലെ മുതൽ വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു.
ആതുരസേവന മേഖല ബിസിനസായി മാറിയപ്പോഴും രോഗികളെ ചെറിയ ഫീസ് മാത്രം ഈടാക്കി ചികിത്സിച്ചിരുന്ന ഡോക്ടർ കൈപ്പുണ്യത്തിന്റെ രാജാവായിരുന്നു. ഇതായിരുന്നു ഏത് രോഗികളുടെയും ആശ്വാസം. ഇത്രയേറെ കുറഞ്ഞ ഫീസിൽ ചികിത്സ ലഭിക്കുന്ന മറ്റൊരു ആശുപത്രിയും സംസ്ഥാനത്തില്ല. ആവശ്യത്തിന് മാത്രം മരുന്ന് നൽകുകയെന്നതായിരുന്നു ഡോക്ടറുടെ രീതി. മരുന്നിന് പുറത്തേക്ക് കുറിപ്പടി നൽകുന്ന ശീലം ഡോക്ടർക്ക് ഉണ്ടായില്ല. പത്ത് മണിയോടെ വീട്ടിൽ നിന്നെടുത്ത മൃതദേഹം ലക്ഷ്മി നഴ്സിംഗ് ഹോമിലെത്തിച്ച് രോഗികൾക്ക് കൂടി അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം നൽകിയ ശേഷമാണ് തോട്ടക്കാട്ടുകരയിലെ എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്കരിച്ചത്.