പറവൂർ: പുതിയ ദേശീയപാതയിൽ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ള ഭാഗത്ത് പന്ത്രണ്ട് അടിപ്പാതകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നാഷണൽ ഹൈവേയുടെ കേരളത്തിലെ ചുമതലയുള്ള റിജീയിണൽ ഓഫീസർക്ക് കത്ത് നൽകി. ഇവിടെ അടിപ്പാതകൾ നിർമ്മിച്ചില്ലെങ്കിൽ റോഡിന്റെ ഇരുഭാഗങ്ങളിലുള്ളവർക്ക് കിലോമീറ്ററോളം സർവീസ് റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരും. നിർദ്ദിഷ്ടപാതയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അപാകത കണ്ടെത്തിയത്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കാൻ റീജിണൽ ഓഫീസർക്കും കൊച്ചിലെ ദേശീയപാത അതോറിറ്റി പ്രോജക്ടർ ഡയറക്ടർക്കും നിർദേശം നൽകിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. മടപ്ളാതുരുത്തിലെ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന് സമീപം, മടപ്ളാതുരുത്ത് ഒമ്പതാം വാർഡിൽ കുഞ്ഞച്ചന്റെ വീടിന് സമീപം, ചക്കുമരശേരി ക്ഷേത്രത്തിന് സമീപം, നീണ്ടൂർ ക്ഷേത്രത്തിന് സമീപം, പട്ടണം മുസിരീസ് കവല, ചിറ്റാറ്റുകര കവല, പെരുമ്പടന്ന കവല, തെക്കേനാലുവഴി, വഴിക്കുളങ്ങര ഐ.എം.എ ഹാളിന് സമീപം. കൂനമ്മാവ് മാർക്കറ്റ് കവല, വരാപ്പുഴയിലെ പുത്തൻപ്പിള്ളി കവല, എസ്.എൻ.ഡി.പി കവല എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമ്മിക്കേണ്ടത്. ദേശീയപാത പ്രോജക്ട് ‌ഡയറക്ടറെയും ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷരുടെയും ജനപ്രതിനിധികളുടേയും യോഗം അടുത്തദിവസം വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.