kitho

കൊച്ചി: സിനിമാ കലാസംവിധായകനും ചിത്രകാരനും മാസികകളുടെ ഇല്ലസ്‌ട്രേഷൻ, ഡിസൈൻ രംഗങ്ങളിൽ ശ്രദ്ധേയനുമായ ആർട്ടിസ്റ്റ് കിത്തോ (83) നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ചിത്രകൗമുദി സിനിമാ മാസികയിൽ കിത്തോ വരച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെയാണ് സംവിധായകരായ ജേസി, ഐ.വി. ശശി തുടങ്ങിയവരുമായി സൗഹൃദത്തിലാവുന്നതും സി​നി​മാമേഖലയിലേക്ക് എത്തുന്നതും. ഐ.വി. ശശി സംവിധാനം ചെയ്ത ഈ മനോഹരതീരം എന്ന സിനിമയിലൂടെയായിരുന്നു കലാസംവിധാനത്തിന്റെ തുടക്കം. കെ.ജി. ജോർജ്, പി.ജി. വിശ്വംഭരൻ, ജേസി, കെ.എസ്. സേതുമാധവൻ, ജോഷി, പി.എൻ. മേനോൻ, സാജൻ, തുളസീദാസ് തുടങ്ങി നിരവധി സംവിധായകർക്കൊപ്പം നൂറിലേറെ സിനിമകൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. മധു കൈതപ്രം സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ഓർമ്മ മാത്രം എന്ന സിനിമയിലാണ് ഏറ്റവുമൊടുവിൽ കലാസംവിധാനം നിർവഹിച്ചത്.
എറണാകുളത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആറോളം വാരികകൾക്ക് വേണ്ടി ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട്. പ്രേംനസീർ പത്രാധിപരായിരുന്ന ചിത്രപൗർണമി മാസിക പ്രസിദ്ധീകരണം നിറുത്തിയപ്പോൾ കിത്തോയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചു. മാസിക രൂപകല്പനയ്ക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.

സിനിമകൾക്ക് കഥകളെഴുതിയ അദ്ദേഹം ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്‌മസ് എന്ന സിനിമ കലൂർ ഡെന്നീസുമായി ചേർന്ന് നി​ർമ്മിക്കുകയും ചെയ്തു. സിനിമകളിൽ നി​ന്ന് പി​ന്മാറിയ ശേഷം അദ്ധ്യാത്മികതയിലേക്ക് തിരിഞ്ഞു.

എറണാകുളം കലൂർ കുറ്റിക്കാട്ട് വീട്ടിൽ പരേതരായ പൈലിയുടെയും വെറോണിയുടെയും മകനാണ്. ഭാര്യ: ലില്ലി. മക്കൾ: അനിൽ കിത്തോ (ദുബായ്), ആർട്ടിസ്റ്റ് കമൽ കിത്തോ (കിത്തോസ് ആർട്സ് ). മരുമക്കൾ: സ്വീറ്റി അനിൽ, നീതു കമൽ.