suresh-muttathil
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരണം പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഭരണപക്ഷ ഭിന്നതയും പ്രതിപക്ഷ എതിർപ്പും അവഗണിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരണത്തിന് തുടക്കമായി. നിലവിലുള്ള രണ്ട് നില കെട്ടിടത്തിൽ 1.32കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. 1.12 കോടി രൂപയുടെ പദ്ധതി ഈ വർഷം പൂർത്തീകരിക്കും. രണ്ട് വർഷത്തിനകം നിർമ്മാണം പൂർണമാക്കാനാണ് ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ പ്രതിപക്ഷത്തെ എൽ.ഡി.എഫിലെ എട്ട് അംഗങ്ങളുടെയും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളുടെയും എതിർപ്പ് അവഗണിച്ചാണ് ഓഫീസ് നവീകരണം. ഭരണപക്ഷമായ കോൺഗ്രസിലും ഭിന്നതയുണ്ട്. പഞ്ചായത്ത് പരിധിയിലെ കോൺഗ്രസിന്റെ രണ്ട് മണ്ഡലം കമ്മിറ്റികളും കടുത്ത എതിർപ്പുയർത്തുകയാണ്. കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതായി നേതാക്കൾ പറയുന്നു. എന്നാൽ എസ്.ഡി.പി.ഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ പ്രസിഡന്റിനുണ്ട്.

2002ൽ നിർമ്മിച്ച കെട്ടിടത്തിലാണ് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ പാർക്കിംഗ് സൗകരൃങ്ങൾ നിലനിർത്തും. ലിഫ്റ്റ് സൗകര്യമുണ്ടാകും. ചുറ്റുമതിൽ നിർമ്മിക്കും. പൊതുജനങ്ങൾക്കും ജീവനക്കാർക്കും ജനപ്രതിനിധികൾക്കും വിശ്രമിക്കുന്നതിന് കൂടുതൽ സൗകര്യമുണ്ടാകും.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദ് അൻവർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന ശിവശങ്കരൻ, അംഗങ്ങളായ സിയാദ് പറമ്പത്തോടത്ത്, ഉഷ അശോകൻ, കെ.എസ്.താരാനാഥ്, എം.കെ.ബാബു, ഷാഹിന വീരാൻ, സജിത അശോകൻ, റമീന അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു.

കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം തീർന്നിട്ട് മതിയെന്ന് പ്രതിപക്ഷം

ജനങ്ങളുടെ പ്രധാന ആവശ്യമായ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണം പൂർത്തീകരിക്കാതെയും തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാതെയും ഓഫീസ് നവീകരണത്തിലേക്ക് കടന്നതാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.കെ.ശിവൻ പറഞ്ഞു. 75 ശതമാനം നിർമ്മാണം കഴിഞ്ഞെങ്കിലും അവസാനവട്ട പണികൾ പൂർത്തീകരിക്കാത്തതിനാൽ കമ്മ്യൂണിറ്റി ഹാൾ ജനങ്ങൾക്ക് തുറന്നുകൊടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഓഫീസ് നവീകരണം ആവശ്യമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലും എതിർപ്പ്

പാർട്ടിയോട് ആലോചിക്കാതെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവർത്തിക്കുന്നതെന്നാണ് കോൺഗ്രസ് വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആക്ഷേപം. പലവട്ടം ആവശ്യപ്പെട്ടിട്ടും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടി നേതൃത്വത്തോട് വ്യക്തമാക്കാൻ തയ്യാറാകുന്നില്ല. പാർട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച് രൂക്ഷമായ ചർച്ച നടക്കുകയാണ്.