
കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ അറസ്റ്റിലായ കരമന അഷറഫ് മൗലവി, അബ്ദുൾ സത്താർ, യഹിയ കോയ തങ്ങൾ, കെ. മുഹമ്മദ് അലി, സി.ടി. സുലൈമാൻ എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും എൻ.ഐ.എ കസ്റ്റഡിയിൽ വാങ്ങി. ഇവരെ അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതെങ്കിലും എറണാകുളത്തെ പ്രത്യേക കോടതി മൂന്നു ദിവസമാണ് അനുവദിച്ചത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും ഇ-മെയിൽ സന്ദേശങ്ങളുടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇവയുടെ അടിസ്ഥാനത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് എൻ.ഐ.എ കോടതിയെ സമീപിച്ചത്. പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളും ഇവർക്ക് ലഭിച്ച ഫണ്ടുമൊക്കെ അന്വേഷിക്കണമെന്നും എൻ.ഐ.എ വിശദീകരിച്ചു.
ഉദ്യോഗസ്ഥരുടെ ചിത്രമെടുത്തു, കോടതി വിലക്കി
പ്രതികളെ കോടതിയിൽ കൊണ്ടുവന്നപ്പോൾ ഇവരുടെ ബന്ധുക്കൾ എൻ.ഐ.എ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളെടുത്തത് വിവാദമായി. പ്രതികളുടെ ബന്ധുക്കൾ തങ്ങളുടെ ചിത്രമെടുത്ത സംഭവം എൻ.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് ചിത്രമെടുക്കുന്നതു കോടതി വിലക്കി. ഗൗരവമുള്ള വിഷയമാണിതെന്നും മേലിൽ കോടതി പരിസരത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി താക്കീത് നൽകി.