poyaly
പോയാലി മല കഴിഞ്ഞ ജൂലൈയിൽ ഇടിഞ്ഞത് (ഫയൽ ചിത്രം)

മൂവാറ്റുപുഴ: പോയാലി മലയിലെ അനധികൃത മണ്ണെടുപ്പിനെതിരെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലായിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് അനധികൃത മണ്ണെടുപ്പ് തടഞ്ഞത്.

പോയാലി മലയുടെ അടിഭാഗത്ത് മുളവൂർ വില്ലേജിൽ സർവെ നമ്പർ 1146/ 9-10, 1146/k-108-7- ൽപ്പെട്ട സ്ഥലത്ത് പായിപ്ര ഗ്രാമ പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ നടത്തിയ ഖനന പ്രവർത്തനങ്ങളുടെ ഫലമായി മലയുടെ അടിഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീഴുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. പോയാലി മലയെന്ന കുന്നിന്റെ അടിഭാഗത്തു നിന്ന് 36 മീറ്റർ നീളത്തിലും 31.5 മീറ്റർ വീതിയിലും ഏഴ് മീറ്റർ ഉയരത്തിലും മണ്ണ് ഖനനം ചെയ്യുകയും ഇതേ സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. ഇപ്രകാരമുള്ള ഖനന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തോ സ്ഥലമുടമകളോ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ സമീപിച്ചിട്ടില്ലെന്ന് ജിയോളജിസ്റ്റ് പ്രിയ മോഹനൻ പറ‌ഞ്ഞു. പോയാലി മല ഏകദേശം 40 ഡിഗ്രി ചെരുവുള്ള കുന്നാണെന്നത് കണക്കിലെടുക്കാതെയും വേണ്ടത്ര പഠനം നടത്താതെയും കുന്നിൻ ചെരുവിൽ വ്യവസായ ആവശ്യത്തിന് കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചത് പഞ്ചായത്ത് അധികൃതരുടെ പിഴവാണെന്ന് ജിയോളജി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മൈനിംഗ് ജിയോളജി വകുപ്പിന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് പോയാലി മലയിൽ മണ്ണിടിച്ചിൽ ഉണ്ടായതെന്ന പഞ്ചായത്തിന്റെ പ്രചാരണത്തിനെതിരെ വകുപ്പ് രംഗത്തെത്തി. പോയാലി മലയുടെ ചെരിവ് കൂടുതലായതിനാൽ അടിഭാഗത്തെ മണ്ണെടുപ്പ് കാരണം കുന്നിന്റെ മുഗൾ ഭാഗം ഇടിഞ്ഞ് താഴോട്ട് വരാനും ജീവനും സ്വത്തിനും നാശമുണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇവിടെ പഠനങ്ങൾക്കായി ജിയോളജിക്കൽ എൻജിനിയറെ ചുമതലപ്പെടുത്തണമെന്നും മൂവാറ്റുപുഴ തഹസിൽദാരോട് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.