കൊച്ചി: അടുത്ത മഴക്കാലത്തിന് മുമ്പ് പേരണ്ടൂർ കനാലിലെയും മറ്റും മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ഹൈക്കോടതി. യഥാസമയം മാലിന്യങ്ങൾ നീക്കി കനാലുകളും കാനകളും വൃത്തിയാക്കിയില്ലെങ്കിൽ വീണ്ടും വെള്ളക്കെട്ട് നേരിടേണ്ടി വരുമെന്ന് സിംഗിൾബെഞ്ച് മുന്നറിയിപ്പ് നൽകി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്. എം.ജി റോഡിൽ നിന്ന് വെള്ളം കായലിലേക്ക് ഒഴുകിപ്പോകാൻ പുതിയ ലിങ്ക് കനാൽ നിർമ്മിക്കുന്നതിന്റെ സാദ്ധ്യതയും കോടതി ആരാഞ്ഞു. നേരത്തെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്തുകൂടി കനാൽ നിർമ്മിക്കുന്ന കാര്യമാണ് പരിഗണിച്ചിരുന്നത്. എന്നാൽ ഇതിനു തടസമുണ്ട്. ഇക്കാര്യത്തിൽ ചർച്ച ചെയ്തു തീരുമാനം അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
പി ആൻഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടത്തിന്റെ നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ അമിക്കസ് ക്യൂറിയെ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നിർമ്മാണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇന്നലെ കോടതിയിൽ ഹാജരായിരുന്നു.