crossroad
ക്രോസ് റോഡ്‌സ് 2022 ഇന്റർസ്‌കൂൾ കൾച്ചറൽ ജാംബോറി ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന് സിനിമാതാരം ശ്രുതി രാമചന്ദ്രൻ കൈമാറുന്നു.

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ നടത്തിയ ക്രോസ് റോഡ്‌സ് -2022 ഇന്റർ സ്‌കൂൾ സാംസ്‌കാരിക മത്സരത്തിൽ കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വടുതല ചിന്മയ വിദ്യാലയമാണ് റണ്ണേഴ്‌സപ്പ്. ഗ്ലോബൽ പബ്ലിക് സ്‌കൂൾ സംഘടിപ്പിക്കുന്ന വാർഷിക ഇന്റർ സ്‌കൂൾ, ക്രോസ് ഡിസിപ്ലിനറി സാംസ്‌കാരിക പരിപാടിയാണ് ക്രോസ് റോഡ്‌സ്. എറണാകുളത്തും പരിസരത്തുമുള്ള 10 സ്‌കൂളുകളിൽ നിന്നായി 265 വിദ്യാർത്ഥികൾ പങ്കെടുത്തു.

ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന ചടങ്ങിൽ സിനിമാതാരം ശ്രുതി രാമചന്ദ്രൻ ചാമ്പ്യന്മാർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പൈറേറ്റ്‌സ് ഒഫ് കരീബിയനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒഴുക്കിനെതിരെ നീന്തുക എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ക്രോസ് റോഡ്‌സ് സംഘടിപ്പിച്ചത്. ഭാഷ, ശാസ്ത്രം, സോഷ്യൽ സയൻസസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, കായികം, ആർട്ട് ആൻഡ് ഡിസൈൻ, ഐടി ആൻഡ് റോബോട്ടിക്‌സ് തുടങ്ങി വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ പ്രദർശനം സംഘടിപ്പിച്ചു. സ്‌കൂൾ ചെയർമാൻ ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിതാ ജയരാജ് എന്നിവർ സംസാരിച്ചു.