lan

കൊച്ചി: കോടികൾ വിലമതിക്കുന്ന സ്വന്തംഭൂമി വികസനപ്രവർത്തനങ്ങൾക്കായി കോർപ്പറേഷന് വിട്ടുനൽകി കെ.എസ്. ഇ.ബി റിട്ട. അസി.എക്സിക്യുട്ടീവ് എൻജിനിയർ തേവര കൊടുങ്ങാംപറമ്പിൽ മനയത്ത് വീട്ടിൽ കെ.എൽ. ജോസഫ് അലോഷ്യസ്.

തേവരയിൽ ഒരു സെന്റിന് ലക്ഷങ്ങളാണ് വില. സ്വകാര്യ സമ്പ്യാദമായി കൂട്ടിവയ്ക്കുന്നതിനു പകരം ഭൂമി ജനോപകാരപ്രദമായ കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നാണ് ജോസഫിന്റെ അഭിപ്രായം. അതുകൊണ്ടാണ്

തേവര പെരുമാനൂരിലെ 20 സെന്റ് വികസനപ്രവർത്തനങ്ങൾക്കായി നിറഞ്ഞമനസോടെ വിട്ടുകൊടുക്കു‌ന്നത്.

കോർപ്പറേഷനിലെ അറുപതാം ഡിവിഷനായ പെരുമാനൂരിൽ പ്രാഥമികാരോഗ്യ കേന്ദ്രം നിർമ്മിക്കാൻ ഏഴ് സെന്റ് സ്ഥലവും കോന്തുരുത്തി റോഡ് വികസനത്തിനായി 13.8സെന്റ് സ്ഥലവുമാണ് സൗജന്യമായി നൽകിയത്.

ഇതിന്റെ രേഖകൾ മേയർ എം. അനിൽകുമാർ ഏറ്റുവാങ്ങി. ജോസഫ് അലോഷ്യസിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് ഉടൻ നിർദ്ദേശം നൽകുമെന്ന് മേയർ പറഞ്ഞു. ഡോക്‌ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ഇവിടെയുണ്ടാകും.