പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയ എൽ.ഡി. എഫിലെ ഗോപാലകൃഷ്ണനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. നേരത്തേ പ്രസിഡന്റിന്റെ തെറ്റായ കീഴ്‌വക്കങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധിച്ച് യു.ഡി. എഫ് അവിശ്വാസത്തിലൂടെ ഗോപാലകൃഷ്ണനെ പുറത്താക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനം സംവരണമായതിനാൽ ഭൂരിപക്ഷമുള്ള യു.ഡി.എഫിന് സ്ഥാനാർത്ഥി ഇല്ലാത്തതോടെയാണ് ഗോപാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തത്.
20 അംഗങ്ങളിൽ 11 പേർ യു.ഡി.എഫും 9 പേർ എൽ.ഡി.എഫുമാണ്. യു.ഡി.എഫ് അംഗങ്ങളിൽ അഞ്ച് പേർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തതോടെ ക്വാറം തികഞ്ഞ യോഗത്തിലാണ് എതിർ സ്ഥാനാർത്ഥികളില്ലാത്തതിനാൽ ഗോപാലകൃഷ്ണനെ തന്നെ തെരഞ്ഞെടുത്തത്.
തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകർ മാറമ്പിള്ളിയിൽ ആഹ്ലാദ പ്രകടനം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, സി.എം.അബ്ദുൽ കരീം, ജബ്ബാർ തച്ചയിൽ, പി.കെ.ഹസൻകുട്ടി, അസീസ് എമ്പാശേരി, സലീം വാണിയക്കാടൻ, എം.എം. അബ്ദുൽ സലാം , പി.എം.നാസർ, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ , പഞ്ചായത്ത് അംഗങ്ങളായ അൻസാർ അലി, അബ്ദുൽ ഹമീദ്, ദിവ്യ മണി , നിഷ കബീർ, ഫസീല ഷംനാദ്, കെ.ജി.ഗീത, എ.കെ.മുരളി, വിജയലക്ഷ്മി, ബ്ലോക്ക് അംഗം കെ.എം.സിറാജ്, മാർക്കറ്റിംഗ് സംഘം പ്രസിഡന്റ് അരവിന്ദാക്ഷൻ എന്നിവർ നേത്യത്വം നൽകി.