
കൊച്ചി: കൊച്ചി മെട്രോ നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള റവന്യൂ വകുപ്പ് ജീവനക്കാരുടെ ശമ്പള, നടത്തിപ്പ് ചെലവ് കുടിശിക 170 കോടി രൂപ ! 2013ൽ മെട്രോ പദ്ധതി കൊച്ചിയിൽ ആരംഭിച്ചശേഷം ഇതുവരെ നയാപൈസ ഈയിനത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് നൽകിയിട്ടില്ല.
ഒരു ഡെപ്യൂട്ടി കളക്ടറും രണ്ട് തഹസിൽദാർമാരും ഉൾപ്പെടുന്ന റവന്യൂ വകുപ്പിലെ 34 ജീവനക്കാർക്ക് ഇതുമൂലം ഒക്ടോബർ ശമ്പളം അനിശ്ചിതത്വത്തിലായി. ഇതുവരെ സർക്കാർ തന്നെ ശമ്പളം നൽകുകയായിരുന്നു. ഇനി അതുണ്ടാകില്ലെന്നാണ് സൂചന.
ലാൻഡ് അക്വിസിഷൻ ജോലിക്കായി മെട്രോയ്ക്ക് വേണ്ടി മൂന്ന് ഓഫീസുകളാണ് പ്രവർത്തിച്ചിരുന്നത്. അതിൽ ഒന്നിനെ പൂർണമായും ദേശീയപാത സ്ഥലമെടുപ്പിന് ചുമതലപ്പെടുത്തി. കുടിശിക ചോദിച്ച് കഴിഞ്ഞ മാർച്ച് മുതൽ റവന്യൂ വകുപ്പ് കൊച്ചി മെട്രോ റെയിലിന് പലവട്ടം കത്തുകൾ അയച്ചിട്ടും പ്രതികരണം ഉണ്ടായിട്ടില്ല. നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന മെട്രോയ്ക്ക് തുക നൽകാൻ കഴിയുന്ന സാഹചര്യവുമില്ല.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊല്ലാപ്പാകും
കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാം ഘട്ടത്തിന്റെയും ജലമെട്രോയുടെയും സ്ഥലമെടുപ്പ് ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ് മെട്രോ രണ്ടാം ഘട്ടം. ഈ പ്രശ്നത്തിന് ഉടനെ പരിഹാരമായില്ലെങ്കിൽ സങ്കീർണമായ സ്ഥലമെടുപ്പ് നടപടിക്രമങ്ങൾ വൈകാനും സാദ്ധ്യതയുണ്ട്.
പൊലീസിനും മുമ്പ് പ്രശ്നമായി
മെട്രോയുടെ സംരക്ഷണ ചുമതലയുള്ള സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് 35 കോടി രൂപ തുക കുടിശികയായപ്പോൾ സേനയെ പിൻവലിക്കാൻ വരെ നടപടികളുണ്ടായിരുന്നു. ഓഡിറ്റ് പ്രശ്നങ്ങളെ തുടർന്നാണ് സംസ്ഥാന പൊലീസ് ഈ തീരുമാനത്തിലേക്ക് നീങ്ങിയത്. അതിനിടെ മുട്ടം യാർഡിൽ ചിലർ അതിക്രമിച്ച് കയറി ഭീഷണി സന്ദേശങ്ങൾ എഴുതിയതിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കേണ്ടിവന്നു. പിന്നാലെ സംസ്ഥാന സർക്കാർ ഈ തുക ഒഴിവാക്കി നൽകുകയായിരുന്നു. സമാനമായ നടപടികൾ ഇക്കാര്യത്തിലും ഉണ്ടായില്ലെങ്കിൽ റവന്യൂ വകുപ്പിന് മെട്രോ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനാകാത്ത സ്ഥിതിയുണ്ടാകും.