കൊച്ചി: ഇരട്ടപ്പാത കമ്മിഷനിംഗ് കഴിഞ്ഞിട്ടും തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്‌പ്രസിന്റെ വൈകിയോട്ടം തുടരുന്നത് യാത്രക്കാരെ വലയ്ക്കുന്നു. സ്ഥിരമായി ഓഫീസിൽ വൈകിയെത്തുന്നതിന്റെ പേരിൽ മേലധികാരികൾ ശിക്ഷാനടപടികൾ കടുപ്പിച്ചതോടെ പലരും ട്രെയിൻയാത്ര ഉപേക്ഷിച്ചു. ഇരട്ടപ്പാത പൂർത്തിയായശേഷം വേണാട് തൃപ്പൂണിത്തുറ വരെ കൃത്യസമയം പാലിച്ചിരുന്നു . എന്നാൽ വേഗവർദ്ധനവിന്റെ ഭാഗമായി ഒക്‌ടോബർ ഒന്നു മുതൽ സമയക്രമം മാറ്റിയതാണ് തിരിച്ചടിയായത്. സർവീസ് അടിമുടി താളം തെറ്റി. ഇരട്ടപ്പാതകൊണ്ട് യാതൊരു വിധത്തിലെ പ്രയോജനവും ലഭിച്ചില്ലെന്ന് മാത്രമല്ല കോട്ടയം വഴിയുള്ള യാത്ര കൂടുതൽ ദുരിതമായെന്നും യാത്രക്കാർ പറയുന്നു.

തിരുവനന്തപുരം മുതലുള്ള ജില്ലകളിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഓഫീസ് ജോലികൾക്ക് വരുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വേണാടിനെയാണ്. രാവിലെ 9.30ന് എറണാകുളം ഔട്ടറിലെത്തുന്ന ട്രെയിനിന് ചില ദിവസങ്ങളിൽ 10.10നുള്ള മംഗള എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് സ്‌റ്റേഷനിലേക്കുള്ള സിഗ്‌നൽ നൽകുന്നത്.

 വിനയായത് പുതുക്കിയ സമയം

സൗത്ത് ജംഗ്ഷനിൽ കൃത്യസമയമായ 9.30ന് എത്തിച്ചേരുന്ന സാഹചര്യം ഉണ്ടായപ്പോൾ തിരുവനന്തപുരത്ത് നിന്ന് പത്ത് മിനിറ്റ് വൈകി പുറപ്പെടുന്ന വിധം പുതിയ സമയക്രമം ചിട്ടപ്പെടുത്തിയതാണ് കാര്യങ്ങൾ വഷളാക്കിയത്. പുതുക്കിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചതിനുശേഷം തിരുവനന്തപുരത്തിനും തൃപ്പൂണിത്തുറയ്ക്കും ഇടയിൽ ഒരു സ്റ്റേഷനിലും സമയക്രമം പാലിക്കാൻ വേണാടിന് കഴിഞ്ഞിട്ടില്ല.

 സമയമാറ്റം വേണം

ഒക്ടോബറിന് മുമ്പ് ഉണ്ടായിരുന്നപോലെ വേണാട് രാവിലെ 5.05ന് തന്നെ പുറപ്പെടുന്ന വിധംക്രമീകരിച്ചാൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയുകയുള്ളു. തിരുവനന്തപുരത്തു നിന്ന് വലിയ സമയവ്യത്യാസമില്ലാതെ ഓടിയെത്തുമെങ്കിലും എറണാകുളം ജംഗ്ഷൻ ഔട്ടറിൽ പിടിച്ചിടുന്നതാണ് സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നത്. ഔട്ടറിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സമയം വൈകിയെന്ന ആശങ്ക മൂലം ചാടിയിറങ്ങി ട്രാക്കിലൂടെ നടന്നു നീങ്ങുന്നത് ജീവന് ഭീഷണിയാണ്.

മഞ്ജു, യാത്രക്കാരി

 അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം

സൗത്ത് സ്റ്റേഷനിൽ ആകെ ആറ് പ്ളാറ്റ്ഫോമാണുള്ളത്. മൂന്നെണ്ണത്തിന് നീളം കുറവാണ്. 24 കോച്ചുള്ള വേണാട് മൂന്ന് പ്ളാറ്റ്‌ഫോമിൽ മാത്രമേ ഇടാൻ സൗകര്യമുള്ളു. അനുയോജ്യമായ പ്ളാറ്റ്ഫോം ലഭിക്കുന്നതിനുവേണ്ടിയാണ് യാർഡിൽ ട്രെയിൻ പിടിച്ചിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ യാത്രാദുരിതത്തിന് അവസാനമുണ്ടാകില്ല.

പോൾ ജെ. മാൻവട്ടം

പ്രസിഡന്റ്, ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ