
കൊച്ചി: ജോലിഭാരത്തിന് അനുസരിച്ച് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനം മുട്ടിലിഴയുന്നു. ഒരു അസിസസ്റ്റന്റ് കമ്മീഷണറും നിയോജകമണ്ഡലം അടിസ്ഥാനത്തിൽ 14 ഫുഡ് സേഫ്ടി ഇൻസ്‌പെക്ടർമാരും അടങ്ങുന്നതാണ് ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഘടന.
പുതുതായി രംഗത്തുവരുന്ന നൂറുകണക്കിന് ഭക്ഷ്യ സംസ്കരണ- വിതരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസ് തുടങ്ങിയ ദൈനംദിന ജോലികളും പരാതിപരിഹാരവും സാമ്പിൾ ശേഖരണവും ഉൾപ്പെടെ ഭാരിച്ച ഉത്തരവാദിത്വങ്ങളും കോടതി വ്യവഹാരങ്ങളും കാരണം യഥാസമയം വിപണിയിൽ ഇടപെടാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ, 'ആരോഗ്യകരമായ ജീവിതത്തിന് സുരക്ഷിത ഭക്ഷണം' എന്ന വകുപ്പിന്റെ പ്രഖ്യാപിതനയം വാചകത്തിലൊതുങ്ങുകയാണ്.
മത്സ്യം, പച്ചക്കറി, പാൽ, പാക്കറ്റുകളിലാക്കിയ ഭക്ഷ്യവസ്തുക്കൾ, ഹോട്ടലുകളിലും മറ്റും പാചകം ചെയ്ത് വിൽക്കുന്ന ഭക്ഷണം തുടങ്ങി എല്ലാത്തരം ഭക്ഷ്യവസ്തുക്കളിലെയും മായം ചേർക്കൽ തടയുക, ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുക എന്നിവയാണ് വകുപ്പിന്റെ പ്രധാന ചുമതല. ഓരോ ഫുഡ് സേഫ്ടി ഓഫീസർമാരും അവരവരുടെ പ്രവർത്തനമേഖലയിൽ നിന്ന് പ്രതിമാസം ആറ് വീതം ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ അയയ്ക്കണമെന്നും നിർബന്ധമുണ്ട്. ജില്ലയിൽ നിന്ന് ഇത്തരം 84 സാമ്പിളുകളാണ് ഓരോമാസവും പരിശോധനയ്ക്ക് അയയ്ക്കുന്നത്. ഇതിന്റെ പരിശോധനാഫലം ലഭിക്കുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനോ ആവശ്യമായ ഭേദഗതി നിർദ്ദേശിക്കാനോ ഉദ്യോഗസ്ഥക്ഷാമം മൂലം കഴിയാറില്ല.
ജില്ലയിലെ 14 ഓഫീസർമാർക്കുംകൂടി 4 വാഹനങ്ങളേയുള്ളൂ. ജില്ലാ അസി.കമ്മീഷണറുടെ ഓഫീസ് പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് അത്രപെട്ടന്ന് എത്തിപ്പെടാൻ സാധിക്കാത്ത പൊന്നുരുന്നി എരൂരിലെ ഒഴിഞ്ഞമൂലയിലാണ്. ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷനിൽ അസി.കമ്മീഷണറുടെ ഓഫീസിന് ഇടമില്ല.
നിയമലംഘനത്തിനെതിരെ ഫയൽചെയ്യുന്ന കേസുകളിൽ മജിസ്ട്രേറ്റ് കോടതിയിലും ആർ.ടി.ഒ കോടതിയിലും നടക്കുന്ന വ്യവഹാരങ്ങളിൽ സാക്ഷിയായും ഉദ്യോഗസ്ഥർ പോകണം. കേസ് വിളിക്കുമ്പോൾ സാക്ഷിയായ ഓഫീസർ ഹാജരായിട്ടില്ലെങ്കിൽ എതിർകക്ഷിയെ കുറ്റവിമുക്തനാക്കുകയും ചെയ്യും. ഇത്തരം നൂലാമാലകൾ കാരണം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാലും പിഴ അടപ്പിച്ച് തലയൂരാനാണ് ഉദ്യോഗസ്ഥർക്ക് താത്പര്യം. അതുകൊണ്ടുതന്നെ ഗുണനിലവാരവും ശുചിത്വവുമില്ലാത്ത ഭക്ഷണം വിലകൊടുത്ത് വാങ്ങിക്കഴിക്കാൻ പൊതുജനം നിർബന്ധിതമാവുകയും ചെയ്യുന്നു.
 ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലക്ഷ്യം
സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണം സുരക്ഷിതവും ഉപഭോഗത്തിന് അനുയോജ്യവുമാണെന്ന് ഉറപ്പുവരുത്തുക. കൃഷിയിടം മുതൽ തീൻമേശവരെ എല്ലാതലങ്ങളിലും സുരക്ഷിതമായ ഭക്ഷണം നൽകുന്നതിന് മികച്ച മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക. പൗരന്മാർക്കിടയിൽ 'ഭക്ഷ്യസുരക്ഷാ സംസ്കാരം' സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുക