കോലഞ്ചേരി: നാല് മുന്നണികൾക്കും സ്ഥാനാർത്ഥികളായതോടെ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പട്ടിമറ്റം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് പോര് മുറുകി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ശ്രീജ അശോകൻ മത്സരിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.ആർ. അശോകന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ഇബ്രാഹിം. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. കില ഫാക്കൽറ്റിയും സംസ്ഥാന ഡെപ്യൂട്ടി പ്ളാനിംഗ് ഓഫീസറുമായിരുന്നു. ട്വന്റി20 സ്ഥാനാർത്ഥി സി.കെ.ഷമീർ യുവ ബിസിനസ് സംരഭകനാണ്. ബി.ജെ.പി സ്ഥാനാർത്ഥിയായി ചെങ്ങര സ്വദേശി അരുൺകുമാറിനെയുമാണ് തീരുമാനിച്ചിരിക്കുന്നത്.
കുന്നത്തുനാട് പഞ്ചായത്തിലെ 6,7,8,9 വാർഡുകളും മഴുവന്നൂർ പഞ്ചായത്തിലെ 16,18,19 വാർഡുകളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വി.ആർ. അശോകൻ യു.ഡി.എഫ് (3078), ശ്രീജിത് ശശിധരൻ ട്വന്റി20 (2943), പി.പി. മൈതീൻ എൽ.ഡി.എഫ് (2463), പൂഞ്ചേരി സുകുമാരൻ ബി.ജെ.പി (496), സനൂപ് പട്ടിമറ്റം എസ്.ഡി.പി.ഐ (353) എന്നിങ്ങനെയായിരുന്നു വോട്ടിംഗ് നില. വടവുകോട് ബ്ളോക്ക് ഭരണം മുന്നണികൾ കൂടിക്കുഴഞ്ഞ് മുന്നോട്ട് പോകുമ്പോൾ പട്ടിമറ്റം ഡിവിഷൻ ഫലം മുന്നണികൾക്ക് നിർണ്ണായകമാണ്. പ്രസിഡന്റ് ട്വന്റി20, വൈസ് പ്രസിഡന്റ് യു.ഡി.എഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ എൽ.ഡി.എഫിൽ ഉള്ളവരുമാണ്. 13 അംഗ ബ്ളോക്ക് പഞ്ചായത്തിൽ ട്വന്റി20 - 5 യു.ഡി.എഫ് - 4, എൽ.ഡി.എഫ് - 3 എന്നിങ്ങനെയാണ് കക്ഷിനില.