ചോറ്റാനിക്കര: റെയിൽവേ ട്രാക്കിന് മുകളിലൂടെ അപ്രോച്ച് റോഡ് ഇല്ലാതെ നിർമ്മിച്ച ചെങ്ങോല പാടം റെയിൽവേ മേൽപ്പാലം സ്മാരകമായിട്ട് വർഷങ്ങൾ പിന്നിടുന്നു. നിരവധി കടമ്പകൾ താണ്ടി അപ്രോച്ച് റോഡ് നിർമ്മാണം നിലവിൽ മന്ത്രിസഭയുടെ പരിഗണനയ്ക്കുവെച്ചിരിക്കുകയാണ്.
മുളന്തുരുത്തി- ചോറ്റാനിക്കര റോഡിൽ ചെങ്ങോല പാടം റെയിൽവേ ക്രോസിന് പകരം പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനങ്ങളുടെ നിരന്തരമായ സമരങ്ങളെ തുടർന്ന് 2014ലെ ബജറ്റിൽ ആണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാലവും അപ്രോച്ച് റോഡും ചേർന്ന പദ്ധതിക്ക് തുക വകയിരുത്തിയത്. കേന്ദ്രം ആറുകോടി രൂപയും സംസ്ഥാനം 29 കോടി രൂപയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 2016 നവംബറിൽ പണി ആരംഭിച്ചില്ലെങ്കിലും സ്ഥലം ഏറ്റെടുക്കൽ ഇഴഞ്ഞതോടുകൂടി നിർമ്മാണം അനന്തമായി നീണ്ടു. പാലം നിർമ്മാണം രണ്ടുവർഷംകൊണ്ട് പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീണ്ടുപോയി.
2019 ലാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് കൈമാറിയത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായതോടെ റോഡ് നിർമ്മാണത്തിന് തുക മതിയാകില്ലെന്ന് കാട്ടി ആർ.ബി.ഡി.സി 19.1 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് സർക്കാരിന് നൽകി. ഇതിന് 2021 ഒക്ടോബറിൽ സർക്കാർ അനുമതി നൽകിയെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ആറ് പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ കോട്ട് ചെയ്യാത്തതിനാൽ അപ്രോച്ച് റോഡ് നിർമ്മാണം വഴിമുട്ടി.
തുടർന്ന് മുളന്തുരുത്തി അപ്രോച്ച് റോഡ് നിർമ്മാണവും കോട്ടയം കാരിത്താസ് മേൽപ്പാലം നിർമ്മാണവും ഒരുമിച്ച് ടെൻഡർ ചെയ്യുകയും കരാർ ഏറ്റെടുക്കുകയും ചെയ്തെങ്കിലും ധനകാര്യ വകുപ്പ് പദ്ധതിക്ക് അനുമതി നൽകിയില്ല. തുടർന്ന് വീണ്ടും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചെങ്കിലും തുക കുറയുകയുംചെയ്തു.പദ്ധതിക്ക് ആവശ്യമായ തുകയിൽ 19 ശതമാനത്തിന് മുകളിൽ വർദ്ധന വന്നതിനാൽ ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി വേണമായിരുന്നു.
റെയിൽവേഗേറ്റ് അടഞ്ഞുകിടക്കുന്ന സമയങ്ങളിൽ കിലോമീറ്ററുകളോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് മുളന്തുരുത്തിയിൽ രൂപപ്പെടുന്നത്. ആംബുലൻസ്, അഗ്നിശമനസേന പോലുള്ള അവശ്യ സർവീസുകൾ ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ കുടുങ്ങിക്കിടക്കുന്നതും പതിവാണ് . മേൽപ്പാലം നിർമ്മാണം വൈകുന്നതിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
പിറവം എംഎൽഎ അനൂപ് ജേക്കബ്
...
സാങ്കേതിത്വത്തിൽ കുടുക്കി പദ്ധതി അനാവശ്യമായി നീട്ടുകയാണ്. എത്രയും പെട്ടെന്ന് മന്ത്രിസഭായോഗം പദ്ധതിക്ക് ആവശ്യമായ പണം അനുവദിച്ചു നൽകണം.