പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിക്കുന്ന 15-ാമത് അഖില കേരള നാടക മത്സരം നാളെ മുതൽ 25 വരെ തോന്ന്യകാവ് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. 20ന് വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പഠനകേന്ദ്രം പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് പങ്കെടുക്കും. തുടർന്ന് ചെങ്ങനാശേരി അണിയറയുടെ നാടകം '' നാലുവരിപാത'', 21 ന് കൊല്ലം അസീസിയുടെ '' ജലം'', 22 ന് വള്ളുവനാട് ബ്രഹ്മയുടെ'' രണ്ട് നക്ഷത്രങ്ങൾ'', 23 ന് വള്ളുവനാട് നാദത്തിന്റെ'' പ്രകാശം പരത്തുന്ന വീട്'', 24 ന് അമല കാഞ്ഞിരപ്പിള്ളിയുടെ ''കടലാസിലെ ആന'', 25 ന് എറണാകുളം ചൈത്രധാരയുടെ ''ഞാൻ'' എന്നീ നാടകങ്ങളാണ് മത്സര രംഗത്തുള്ളത്. നവംബർ ഒന്നിന് അവാർഡ് ദാനം നടക്കും. മികച്ച നാടകത്തിന് പുറമേ വ്യക്തിപരമായ മികവ് കാഴ്ച വക്കുന്നവർക്കും പുരസ്കാരങ്ങൾ നൽകമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ടി.വി. നിഥിൻ, എ.എസ്. അനിൽകുമാർ, എൻ.എസ്. സുനിൽകുമാർ, പി. തമ്പി, ടി.എസ്. ദേവദാസ്, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.