
കൊച്ചി: ബുധൻ , വ്യാഴം, ശനി ദിവസങ്ങളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 64.5 മി.മീ. മുതൽ 115.5 മി.മീ.വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മലയോര മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രതയ്ക്കാണ് നിർദേശം. രാത്രി മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കണം.
അടിയന്തര നടപടികൾ
# ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാദ്ധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം.
# ഇത്തരം പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് 'അനൗൺസ്‌മെന്റ്' വഴി വിവരം നൽകണം.
# വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മഴ തുടങ്ങുന്ന ഉടനെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കണം.
# മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ നിരോധിക്കണം.
# ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.
# മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകുന്നില്ലെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം.