മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. മണിക്കൂറോളം പരിശോധന നീണ്ടു. കൊച്ചിയിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. രേഖകൾ ഒന്നും തന്നെ പിടിച്ചെടുത്തിട്ടില്ല. എന്നാൽ പഞ്ചായത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകളും മറ്റും വിളിച്ചുവരുത്തി വിജിലൻസ് അരിച്ച് പെറുക്കി. സെക്രട്ടറി അടക്കമുള്ള പഞ്ചായത്ത് ജീവനക്കാരെ മാറ്റി നിർത്തിയായിരുന്നു പരിശോധന .

കൊവിഡ് ഫണ്ട് തിരിമറിയിലും അനധികൃത മണ്ണെടുപ്പിന് ഉദ്യോഗസ്ഥർ ഒത്താശചെയ്തെന്ന പരാതിയും പഞ്ചായത്തിനെതിരെ ഉയ‌ർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രാഥമിക വിലയിരുത്തലാണ് നടത്തിയതെന്നും കണ്ടെത്തിയ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥ‌ർ പ്രതികരിച്ചു.

ലോക്ക്ഡൗൺ സമയം വലിയ തോതിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പരാതി. എഫ്.എൽ.ടി.സി തുറക്കൽ, കൊവിഡ് ബാധിതർക്കായി വാഹന സർവ്വീസ്, കൊവിഡ് ബാധിതർക്കുള്ള സൗജന്യ മരുന്നും ഭക്ഷണ വിതരണം.

ബാരിക്കേട്, പൊലീസ് ഏയ്ഡ് പോസ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അഴിമതി നടന്നുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഭൂമാഫിയക്ക് മണ്ണെടുക്കുന്നതിനും മലതുരക്കുന്നതിനും സഹായകകരമായ വിധത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് നൽകിയതിനെതിരെ നാട്ടുകാർ അടുത്തിടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.