narabali

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ അനൗദ്യോഗി​കമായി​ നാർക്കോ അനാലി​സിസ് പരിശോധനയ്ക്ക് വി​ധേയനാക്കുന്നത് അന്വേഷണ സംഘത്തി​ന്റെ പരി​ഗണനയി​ൽ.

ബംഗളൂരുവി​ലാണ് ഇതി​ന് സംവി​ധാനമുള്ളതെങ്കി​ലും വി​ദഗ്ദ്ധ ഡോക്ടർമാരെ എത്തിച്ച് പരിമിതമായ മെഡി​ക്കൽ സൗകര്യങ്ങളി​ലും ചെയ്യാം. നിയന്ത്രിത അളവിൽ മരുന്നുകൾ കുത്തിവച്ച് മയക്കി വിവരങ്ങൾ ചോദിച്ചറിയുന്ന രീതിയാണിത്.

നാർക്കോ അനാലി​സി​സി​ന് കോടതി​യി​ൽ നി​യമപ്രാബല്യമി​ല്ലെങ്കിലും വി​വരങ്ങൾ ലഭി​ച്ചാൽ അന്വേഷണം സുഗമമാവും. മറ്റു സംസ്ഥാനങ്ങളിൽ കുറ്റാന്വേഷണത്തിന്റെ ഭാഗമായി അനൗദ്യോഗികമായി ഈ പരിശോധന നടത്താറുണ്ട്.

നി​ലവിൽ പൊലീസി​ന്റെ സമ്മർദ്ദങ്ങൾക്ക് ഷാഫി​ പൂർണമായി​ കീഴടങ്ങി​യി​ട്ടി​​ല്ല. സഹകരണവുമി​ല്ല. ഷാഫിയെയും ഭഗവൽസിംഗിനെയും കളമശേരി മെഡിക്കൽ കോളേജിൽ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇരുവർക്കും ലൈംഗിക ശേഷിയുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് വിവരം. റിപ്പോർട്ട് കിട്ടിയ ശേഷം ലൈംഗിക പീഡനക്കുറ്റം കൂടി ഇരുവരുടെയും മേൽ ചുമത്തി​യേക്കും.

സോഷ്യൽ മീഡിയയി​ൽ വി​രുതർ

ഷാഫി​യും മറ്റു രണ്ട് പ്രതി​കളും സമൂഹമാദ്ധ്യമങ്ങൾ നന്നായി​ ഉപയോഗി​ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. പ്രതികൾ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും എല്ലാം വിശ്വസിക്കാനാവില്ല. കുറേക്കാര്യങ്ങൾ വെളി​പ്പെടുത്തുന്നുമി​ല്ല. തെളിവ് ശേഖരണമാണ് നടക്കുന്നത്. കേസ് ബലപ്പെടുത്താൻ ഇത് അനിവാര്യമാണ്. പദ്മയുടെയും റോസിലിയുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾക്ക് കാത്തിരിക്കുകയാണ് പൊലീസ്. മൃതദേഹങ്ങൾ വെട്ടി​നുറുക്കി​യതി​നാൽ ശ്രമകരമാണ് പോസ്റ്റ്മോർട്ടം. ഇറച്ചി​വെട്ടുകാരനെപ്പോലെയാണ് ശരീരങ്ങൾ നുറുക്കി​യതെന്നും നാഗരാജു പറഞ്ഞു.

അവയവ വിൽപ്പന ഷാഫിയുടെ തട്ടിപ്പാണ്. മനുഷ്യമാംസം വിൽക്കാമെന്ന് ഭഗവൽസിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചെന്ന് പറയും പോലെയാകും ഇതും. തെളി​വുകൾ ഒരുപാട് ലഭി​ച്ചി​ട്ടുണ്ട്. പ്രതി​കളുടേതുൾപ്പടെ ഏതാനും ഫോണുകളുടെ പരി​ശോധനയും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി​.

മറ്റൊരു സ്ത്രീയെയും കൊന്നെന്ന് ലൈല,

വെറുതേ പറഞ്ഞതെന്ന് ഷാഫി

മുഹമ്മദ് ഷാഫി എറണാകുളത്ത് വച്ച് മറ്റൊരു സ്ത്രീയെയും കൊന്നതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കൂട്ടുപ്രതിയായ ലൈല നൽകിയ മൊഴി ശരിയാകാനിടയില്ലെന്ന് പൊലീസ്. ലൈലയെയും ഭഗവൽസിംഗിനെയും വശപ്പെടുത്താൻ ഇയാൾ വീരവാദം പറഞ്ഞതാകാനേ സാദ്ധ്യതയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷാഫിയുടെ മറുപടിയും ഇങ്ങനെ തന്നെയാണ്.