
ആലുവ: പെരിയാർ കരകവിഞ്ഞതോടെ ആലുവ മേഖലയിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. മണപ്പുറത്തും സമീപത്തെ ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപ് പ്രദേശങ്ങളിലുമാണ് പുഴ കരകവിഞ്ഞത്. ഈ പ്രദേശങ്ങളിൽ വലിയ തോതിൽ കൃഷി നശിച്ചു. പെരിയാറിൽ മുകൾ പ്രദേശങ്ങളിൽ നിന്ന് ശക്തമായ നീരൊഴുക്കുണ്ടായെങ്കിലും വെള്ളം ഒഴുക്കിക്കളയാൻ പാതാളം റെഗുലേറ്റർ ഉയർത്താതിരുന്നതാണ് തീരങ്ങളിലേക്ക് വെള്ളം കയറാൻ കാരണമായത്. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് കൂടുതലും നശിച്ചത്. ഇടുക്കിയിലുണ്ടായ ശക്തമായ മഴയെതുടർന്നാണ് പെരിയാറിൽ അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത്.