
നെടുമ്പാശേരി: കപ്രശേരിയിൽ കള്ളുഷാപ്പിന്റെ മറവിൽ വ്യാജ കള്ള് നിർമ്മിച്ച കേസിൽ മൂന്ന് പേർ കൂടി അന്വേഷണ സംഘം മുമ്പാകെ കീഴടങ്ങി. ആന്റണി, ജിബി, രാജീവ് എന്നിവരാണ് എക്സൈസ് അസി. കമ്മിഷണർ മുമ്പാകെ കീഴടങ്ങിയത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ മൂവരെയും ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ഫെബ്രുവരി 28നാണ് ഷാപ്പ് റെയ്ഡ് ചെയ്ത് നാല് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഗോഡൗണിൽ നിന്നും 5350 ലിറ്റർ വ്യാജ കള്ളും നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുമാണ് പിടികൂടിയത്. കേസിൽ പിടിയിലായ ഷാപ്പിലെ ജീവനക്കാർ നൽകിയ മൊഴിയിലാണ് മൂവരെയും പ്രതി ചേർത്തിരുന്നത്. ആലുവ എക്‌സൈസ് റേഞ്ചിന് കീഴിൽ ഗ്രൂപ്പ് രണ്ടിൽ ലൈസൻസി നമ്പർ ആറിനോട് ചേർന്നാണ് വ്യാജ കള്ള് നിർമ്മിച്ചിരുന്നത്.