
കൊച്ചി: തെരുവുനായ്ക്കളെ പൊതുജനങ്ങൾക്ക് ദത്തെടുക്കുന്നതിനായി വെബ്സൈറ്റ് ആരംഭിക്കുന്നത് കൊച്ചി കോർപ്പറേഷന്റെ പരിഗണനയിൽ. വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുന്നതും ഓൺലൈൻ വഴിയാക്കും.
എ.ബി.സി പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടികൂടുകയും വന്ധ്യംകരണത്തിനും റാബീസ് പ്രതിരോധ കുത്തിവയ്പ്പിനും വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ബ്രഹ്മപുരത്തെ എ.ബി.സി കേന്ദ്രത്തിലാണ് ഇവയെ പാർപ്പിക്കുന്നത്. പിടികൂടുന്ന തെരുവുനായ്ക്കളിൽ വളർത്താൻ കഴിയുന്നവയെ ദത്തെടുക്കാനായി ജനങ്ങൾക്ക് അവസരം ഒരുക്കാനാണ് നീക്കം.
ബ്രഹ്മപുരത്തെ കേന്ദ്രത്തിൽ നായ്ക്കളെ പാർപ്പിക്കാനായി നൂറ് കൂടുകൾ സജ്ജമാക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ടി.കെ.അഷ്‌റഫ് പറഞ്ഞു. നല്ല നായ്ക്കളെ ദത്തെടുക്കാൻ ജനങ്ങൾ തയ്യാറായാൽ തെരുവിലെത്തുന്നവയുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.