church

കൊച്ചി: മാർപാപ്പയുടെയും സിറോമലബാർ സഭാ സിനഡിന്റെയും ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന പ്രചാരണത്തിനിടെ എറണാകുളം അതിരൂപതയിലെ വൈദികർ നിലപാട് കടുപ്പിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ശിക്ഷാനീക്കം നടത്തിയാൽ ചെറുക്കാനാണ് വൈദികരുടെ തീരുമാനം.

പരിഷ്‌കരിച്ച കുർബാനക്രമം 31ന് നടപ്പാക്കണമെന്ന് നിർദ്ദേശം നൽകിയെങ്കിലും ജനാഭിമുഖ കുർബാനയേ അർപ്പിക്കൂവെന്ന് സഭാ നേതൃത്വത്തെ വൈദികർ രേഖാമൂലം അറിയിച്ചു. ഇടവക പള്ളികളിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതിരൂപതയിലെ ഏതാനും വൈദികർക്കെതിരെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ശിക്ഷാനടപടി സ്വീകരിക്കുമെന്ന പ്രചാരണം ശക്തമാണ്. ആൻഡ്രൂസ് താഴത്തിനെ അനുകൂലിക്കുന്ന വിഭാഗമാണ് പ്രചാരണത്തിന് പിന്നിൽ.

തത്പരകക്ഷികളുടെ കുതന്ത്രമാണ് പ്രചാരണത്തിന് പിന്നിലെന്ന് വൈദിക സമിതി ഭാരവാഹികൾ പറഞ്ഞു. അതിരൂപതയിലെ 460 വൈദികരിൽ ആർക്കും കാരണം കാണിക്കൽ നോട്ടീസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

കൽദായ തീവ്രവാദികളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്. അവർ പ്രചരിപ്പിക്കുന്നതുപോലെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിയില്ല. ഭൂമിയിടപാടു കേസിലും കുർബാന അർപ്പണ രീതിയെക്കുറിച്ചുള്ള സിനഡിന്റെ തീരുമാനത്തിലും സംഭവിച്ച കാനോനിക നിയമ ലംഘനങ്ങളും നടപടിക്രമങ്ങളിലെ തെറ്റുകളുമാണ് അതിരൂപതയിലെ വൈദികർ സഭാ സമൂഹത്തോട് വിളിച്ചു പറഞ്ഞത്. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും ബലത്തിലാണ് സിനഡിനെയും മേലധികാരികളെയും വിമർശിക്കുന്നത്. അതിന്റെ പേരിൽ വൈദികർക്കെതിരെ ശിക്ഷാ നടപടിയെടുക്കുക എളുപ്പമല്ലെന്ന് സമിതി അറിയിച്ചു.

അനുസരണാവ്രതം ലംഘിച്ചെന്ന്

ഫ്രാൻസിസ് മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനങ്ങൾ അംഗീകരിക്കാത്ത വൈദികർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സഭാ അനുകൂലികളുടെ ആവശ്യം. മാർപാപ്പയെയും സഭയെയും അനുസരിക്കാമെന്ന പ്രതിജ്ഞ ചൊല്ലിയാണ് വൈദികപട്ടം സ്വീകരിക്കുന്നത്. സിനഡ് അംഗീകരിച്ച പരിഷ്‌കരിച്ച കുർബാന നടപ്പാക്കാത്തത് അനുസരണാവ്രതം ലംഘിക്കലാണ്. ഇക്കാര്യം ഉന്നയിച്ചാണ് നടപടി സ്വീകരിക്കാൻ അണിയറനീക്കം നടക്കുന്നതെന്നാണ് സഭാവൃത്തങ്ങൾ നൽകുന്ന വിവരം.

അച്ചടക്കലംഘനം: നടപടികൾ

# സിറോ മലബാർ സഭയുടെ കാനോനിക നിയമം 1401 മുതലുള്ള വകുപ്പുകൾ പ്രകാരം ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽണം

# വൈദികന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ നേരിട്ട് മെത്രാൻ വിളിച്ചുവരുത്തി വിശദീകരണം കേൾക്കണം

# കാര്യങ്ങളിൽ വ്യക്തതയില്ലെങ്കിൽ കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണം

# കമ്മിഷന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാം