court

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ വ്യക്തമാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് തുറമുഖ നിർമ്മാണം തടസപ്പെട്ടതിനാൽ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് പ്രൊജക്‌ട്‌സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിർദ്ദേശം. ഈ ഹർജിയും ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് ഹർജിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജികളും സിംഗിൾബെഞ്ച് 25നു പരിഗണിക്കാൻ മാറ്റി.

പരിസ്ഥിതി പ്രശ്നങ്ങളുൾപ്പെടെ എതിർകക്ഷികൾ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചെങ്കിലും ഇടക്കാല ഉത്തരവു നടപ്പാക്കിയശേഷം മറ്റു കാര്യങ്ങൾ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്ക് ജീവനക്കാർക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും പോകാനും മടങ്ങാനും തടസമുണ്ടാകരുതെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോഴും കോടതി നിർദ്ദേശിച്ചിരുന്നു.